- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂർ കൗണ്ടർ ചുമതലയുള്ള ഷാജി ഓഫീസിൽ നിന്നും 200 മീറ്റർ അകലെയുള്ള റൂമിൽ വച്ച് സുഹൃത്തിനൊപ്പം മദ്യപിച്ചു; കെ എസ് ആർ ടി സി ബംഗളൂരു റിസർവേഷൻ കൗണ്ടർ ഇൻസ്‌പെക്ടർ ഇൻചാർജിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ജോലി സമയത്ത് മദ്യപിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബംഗളൂരു റിസർവേഷൻ കൗണ്ടർ ഇൻസ്‌പെക്ടർ ഇൻചാർജിന് സസ്‌പെൻഷൻ. കോഴിക്കോട് താമരശേരി യൂണിറ്റിലെ ഇൻസ്‌പെക്ടറും ബംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷാജിക്കെതിരെ സസ്‌പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്. വിജിലൻസ് ഇൻസ്‌പെക്ടർ പി. പ്രതീപ് കുമാർ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ചു ജോലി ചെയ്യുകയൊ ഓഫിസ് പരിസരത്തു വരികയൊ ചെയ്യരുതെന്ന ചെയർമാന്റെ ഉത്തരവ് നിലനിൽക്കെയാണ് 24 മണിക്കൂർ കൗണ്ടർ ചുമതലയുള്ള ഷാജി ഓഫീസിൽ നിന്നും 200 മീറ്റർ അകലെയുള്ള റൂമിൽ വച്ച് സുഹൃത്തിനൊപ്പം മദ്യപിച്ചത് എന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. 1960 ലെ സിവിൽ സർവ്വീസ് ചട്ടം 10 പ്രകാരമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
അന്യ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെയും ബസുകളുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ ചുമതലയുള്ള പ്രതിനിധിയാണ് ഇൻസ്‌പെക്ടർ ഇൻ ചാർജ് എന്നിരിക്കെയാണ് കൃത്യ വിലോപം. പുലർച്ചെ മുതൽ അർധരാത്രി വരെയുള്ള സമയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ ഷെഡ്യൂളുകൾ ഉറപ്പു വരുത്തി അയയ്ക്കുന്നത് ഇൻസ്‌പെക്ടറുടെ ചുമതലയാണ്.
വി എം. ഷാജിയുടേത് ഗുരുതരമായ അച്ചടക്ക ലംഘനവും ചട്ടലംഘനവും സ്വഭാവ ദൂഷ്യവുമാണെന്നതു പരിഗണിച്ചാണ് കർശന നടപടി. താമരശേരി ഡിവിഷനിലെ ഇൻസ്‌പെക്ടറായ ഇദ്ദേഹം ഏതാനും മാസങ്ങൾക്കു മുമ്പാണ് ബത്തേരി ഡിവിഷനിൽ ജോലി അറേഞ്ച്‌മെന്റിന്റെ ഭാഗമായി എത്തിയത്. തുടർന്ന് ഇവിടെ നിന്നു ബംഗളുരു ഡിവിഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
മദ്യപിച്ചു ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇയാൾക്കെതിരെയുള്ള നടപടി എന്ന് വിജിലൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.