- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ഇൻസ്‌പെക്ടർമാർക്കും പത്തു മുതൽ പതിനഞ്ച് ബസുകൾ വരെ; ലാഭം ഉറപ്പാക്കൽ മുതൽ അറ്റകുറ്റപ്പണി വരെ ചുമതല; റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം; കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ ചടുല നീക്കവുമായി ബിജു പ്രഭാകർ; ആനവണ്ടിയിൽ ഉത്തരവാദിത്തവും അധികാരവും താഴേ തട്ടിലേക്ക് കൈമാറുമ്പോൾ
കൊച്ചി:യൂണിയനുകളെ വകവയ്ക്കാതെ മുമ്പോട്ട് പോകാൻ കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ. എങ്ങനേയും കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനാണ് ബിജു പ്രഭാകറിന്റെ ലക്ഷ്യം. കോവിഡ് കാല പ്രതിസന്ധിയിൽ തളർന്ന ആനവണ്ടിക്ക് പുതു ജീവൻ നൽകുകയാണഅ ലക്ഷ്യം. ഇന് വേണ്ടി എല്ലാവരേയും പണിയെടുപ്പിക്കാനാണ് തീരുമാനം. ഉത്തരവാദിത്തം താഴെ തട്ടിലേക്ക് എത്തിക്കും. അങ്ങനെ ആനവണ്ടിയെ ശരിയായ ട്രാക്കിലെത്തിക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സി.യിലെ ബസുകളുടെ പൂർണ ചുമതല ഇൻസ്‌പെക്ടർമാർക്ക് കൈമാറുകയാണ് ബിജു പ്രഭാകർ. കോർപ്പറേഷനെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 10-15 ബസുകളുടെ പൂർണ ചുമതല ഒരോ ഇൻസ്‌പെക്ടർമാർക്കും നൽകും. ഈ ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ഇവരുടെ ചുമതല. വരുമാനം ഉയർത്താൻ കൂടുതൽ മേൽനോട്ടം വേണമെന്നാണ് ബിജു പ്രഭാകറിന്റെ നിലപാട്. അല്ലാത്ത പക്ഷം കെ എസ് ആർ ടി സിക്ക് മുമ്പോട്ട് പോകാനാകില്ല.
എല്ലാ മാസവും സർക്കാരിൽ നിന്ന് പണം വാങ്ങിയാണ് ശമ്പളം കൊടുക്കുന്നത്. സംസ്ഥാന സർക്കാർ അതിരൂക്ഷ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ഇനി അധികകാലം സഹായിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഇത് മനസ്സിലാക്കിയാണ് പുതിയ രീതിയിലേക്ക് കെ എസ് ആർ ടി സിയെ മാറ്റുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമല്ല എല്ലാവർക്കും ലാഭമുണ്ടാക്കുന്നതിൽ തുല്യ പങ്കാളിത്തമുണ്ടെന്ന് വരുത്തുകയാണ് ലക്ഷ്യം.
ഇതിന് വേണ്ടിയാണ് ഇൻസ്‌പെക്ടർമാർക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നത്. തങ്ങളുടെ ചുമതലയിൽ വരുന്ന ബസുകളുടെ സർവീസുകൾ ലാഭത്തിലാക്കുന്നത് കൂടാതെ, ഇവ യാത്രക്കാർക്ക് ഉപകാരപ്രദമായി മാറ്റി പരാതിരഹിതമാക്കുകയും വേണം. തന്റെ ചുമതലയിലുള്ള ബസുകൾ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിച്ച് പോകേണ്ട ചുമതലയും ഇൻസ്പെക്ടർമാർക്കു തന്നെയാണ്. നിലവിൽ ബസുകളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇത് ഇന്ധന നഷ്ടത്തിനും കാരണമാകുന്നു.
എല്ലാ ദിവസവും ഈ ബസുകളുടെ കളക്ഷൻ കണക്കെടുക്കണം. ഇവ പഠിച്ച് വേണ്ടത്ര കളക്ഷൻ ഇല്ലാത്ത സർവീസുകൾ കണ്ടെത്തണം. കളക്ഷൻ കുറയാനുണ്ടായ കാരണം മനസ്സിലാക്കി, ഇവ ലാഭകരമാക്കി മാറ്റാൻ നടപടിയെടുക്കണം. വിവിധ പ്രദേശങ്ങളിൽ യാത്രചെയ്ത് നിരീക്ഷണം നടത്തി ബസ് റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം. അങ്ങനെ വിപുലമായ ഉത്തരവാദിത്തങ്ങൾ ഇനി ഇൻസ്‌പെക്ടർക്കുണ്ടാകും. നിലവിൽ ഡിപ്പോകളിൽ മാത്രമാണ് ഇൻസ്‌പെക്ടർമാർ ഇരിക്കാറുള്ളത്.
സർവീസിനിടെ യാത്രക്കാർ പറയുന്ന പരാതികൾ മനസ്സിലാക്കി പരിഹാരം കാണേണ്ടതും ഇൻസ്‌പെക്ടർ തന്നെയാണ്. ബസുകൾ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജീവനക്കാരുടെ അവധി അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കണം. ജീവനക്കാർ ലീവെടുത്ത് സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. പകരം ജീവനക്കാരെ തയ്യാറാക്കണം.
ജീവനക്കാരുടെ ഉത്തരവാദിത്വക്കുറവ് മൂലം സർവീസുകൾ മുടങ്ങേണ്ട സാഹചര്യമുണ്ടായാൽ ഇവ റിപ്പോർട്ട് ചെയ്യണം. സാങ്കേതിക തകരാറാണ് പ്രശ്‌നമെങ്കിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യണം. എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഇൻസ്‌പെക്ടർമാരുടെ പ്രകടനം കൃത്യമായി വിലയിരുത്തി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കാനും സംവിധാനമുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ