തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ പരീക്ഷണം എല്ലാം പാളുകയാണ്. ലോകത്ത് ആകെ ഇലക്ട്രിക് ബസുകൾ വിജയമാണ്. എന്നാൽ അതും കേരളത്തിലെ നിരത്തുകളിൽ കെ എസ് ആർ ടി സിക്ക് നഷ്ടം. ആനവണ്ടിയെ ഇനി സർക്കാരും കൈവിടും. സ്വകാര്യ മേഖലയ്ക്ക് പതിയെ ആനവണ്ടിയെ കൈമാറാനാണ് സാധ്യത.

കെ.എസ്.ആർ.ടി.സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാക്കുകളിലുള്ളത് പുതിയ സൂചനയാണ്. സ്വന്തം നിലയിൽ കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സാമ്പത്തിക നിലയല്ല ഇപ്പോഴുള്ളത്. വാടകയ്ക്ക് എടുത്ത് ഇലക്ട്രിക് ബസുകൾ ഓടിക്കുന്നത് നഷ്ടം വരുത്തുന്നുണ്ടെന്നും ഗതാഗത മന്ത്രി പറയുന്നു. കെ എസ് ആർ ടിസിയെ നന്നാക്കൻ പല പദ്ധതികളും സർക്കാർ തയ്യാറാക്കി. ഇതെല്ലാം പൊളിയുന്ന സാഹചര്യത്തിലാണ് പുതിയ ചിന്ത.

നിലവിൽ ഇലക്ട്രിക് ബസ് ഓടിക്കാൻ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാൽ ഇതിലൂടെയുള്ള വരുമാനം കിലോമീറ്ററിന് 38 രൂപ മാത്രമാണ്. അതുകൊണ്ടാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ആർക്കും എത്തും പിടിയുമില്ല. ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമ്പോൾ ചെലവ് കുറയുന്ന കഥയാണ് ലോകമെങ്ങും പറയാനുള്ളത്. ഈ വിപ്ലവകരമായ തീരുമാനവും കേരളത്തിൽ തോറ്റു.

കെഎംആർഎല്ലിന് രണ്ട് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാൻ നൽകിയിട്ടുണ്ട്. ബാക്കിയുള്ള എട്ട് ബസുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇ-ബസ് നിരത്തിലിറക്കാൻ 2018ൽ സ്വകാര്യ കമ്പനിയുമായി 10 വർഷത്തേക്കാണ് കരാറിലെത്തിയത്. നഷ്ടത്തിലായതിനാൽ ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നത് ഇനി പ്രയോജനം ചെയ്യില്ല. അതിനാൽ കരാർ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതായത് ഇലക്ട്രിക്കിൽ നിന്ന് സിഎൻജിയിലേക്ക് പോകുകയാണ് കെ എസ് ആർ ടി സി. പിണറായി സർക്കാർ ആദ്യം അധികാരത്തിൽ എത്തിയപ്പോൽ തന്നെ നന്നാക്കാൻ കൈയിലെടുത്ത ഒന്നാണ് കെഎസ് ആർടിസി. ടോമിൻ തച്ചങ്കരിയെ എംഡിയാക്കി പുതിയ സൂചനകൾ നൽകി. എന്നാൽ പണിയെടുക്കാൻ മടിയുള്ള ഒരു കൂട്ടർ തച്ചങ്കരിയെ ഓടിച്ചു വിട്ടു. പിന്നീട് കെ എസ് ആർ ടി സി നഷ്ടത്തിലേക്ക് മൂക്കു കുത്തി. കോവിഡ് പ്രതിസന്ധി കൂട്ടി. ആർക്കും രക്ഷിക്കാനായില്ല.

ഇങ്ങനെ തളരുന്ന കെ എസ് ആർ ടി സിയിലെ യൂണിയനുകൾ രണ്ടു ദിവസം പണിമുടക്കുകയും ചെയ്തു. നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സിയുടെ നടുവൊടിക്കുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയൻ നേതാക്കൾക്ക് വേണ്ടത്. ഇതിനിടെയാണ് സ്വകാര്യ വത്കരണത്തിന്റെ സൂചനകളുമായി ഗതാഗത മന്ത്രി എത്തുന്നത്. പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക് കെ എസ് ആർ ടി സിയെ കൈമാറില്ല. എന്നാൽ സ്വകാര്യ മേഖലയുടെ സഹകരണം ഉണ്ടാക്കും.

വലിയ വിവാദമുണ്ടാകാതെ ഈ തീരുമാനം നടപ്പാക്കാനാണ് ആലോചന. പലതരം ബദലുകൾ പരിഗണനയിലുണ്ട്. സ്വകാര്യ ബസുകളിൽ കെ എസ് ആർ ടി സി ജീവനക്കാരെ വിട്ടുകൊടുത്ത് ലാഭം പങ്കുവയ്ക്കുന്ന ഫോർമുലയും ഇതിലുണ്ട്. മെച്ചപ്പെട്ട ബസുകളിൽ സുഖയാത്രയൊരുക്കി കെ എസ് ആർ ടി സിയെ മുമ്പോട്ട് കൊണ്ടു പോകാനാകും ശ്രമം.

എല്ലാ മാസവും സർക്കാർ പണം നൽകുന്നതു കൊണ്ടാണ് കെ എസ് ആർ ടി സിയിൽ ശമ്പളം മുടങ്ങാത്തത്. ഇനിയും അങ്ങനെ മുമ്പോട്ട് പോകാനാകില്ലെന്നാണ് സർക്കാർ നിലപാട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സിയിൽ പരീക്ഷണത്തിന്റെ ബദൽ ഉടൻ ഉണ്ടാകും.