പത്തനംതിട്ട: ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്നതാര്? കണ്ടറിയണമെങ്കിൽ രാവിലെ 7.50 നും എട്ടിനുമിടയിൽ പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വന്നു നിന്നാൽ മതി. 7.55 ആകുമ്പോൾ പത്തനാപുരത്ത് നിന്നും പാലക്കാടിനുള്ള സൂപ്പർ ഫാസ്റ്റ് സ്റ്റാൻഡിൽ വന്ന് നിൽക്കും.

ഇത് സ്റ്റാൻഡ് വിടുന്നതിന് തൊട്ടുപിന്നാലെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റും പോകും. രണ്ടു ബസുകളും ഏതാണ്ട് ഒരേ സമയത്ത് ഒരേ റൂട്ടിലൂടെ മത്സരിച്ചോടും. ഫലമോ 27 വർഷമായി മികച്ച വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന പത്തനംതിട്ട-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് സർവീസ് തകർച്ചയിലേക്ക് നീങ്ങും.

ഇത്തരം തുഗ്ലക് സമയക്രമങ്ങളാണ് കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിക്കുന്നത്. പത്തനാപുരത്ത് നിന്നുള്ള സർവീസ് തുടങ്ങിയത് അടുത്ത കാലത്താണ്. 27 വർഷമായി ഉള്ളതാണ് പത്തനംതിട്ട-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ്. പത്തനാപുരത്ത് നിന്നുള്ള പാലക്കാട് സർവീസ് വേണ്ടെന്ന് ആർക്കും അഭിപ്രായമില്ല. ഇതിന്റെ സമയം ഒരു മണിക്കൂർ മുന്നോട്ടോ പിന്നോട്ടോ ആക്കിയാൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കും.

ഇന്നലെ തുടങ്ങിയ ഒരു സർവീസിന് വേണ്ടി 27 വർഷമായി തുടരുന്ന സർവിസിന്റെ സമയം മാറ്റുന്നത് ഉചിതമല്ല താനും. കഴിഞ്ഞ 40 വർഷമായി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് വൈകിട്ട് 5.10 ന് പുറപ്പെടുന്ന കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിനും ഇതേ പോലെ പാരയായി പുനലൂരിൽ നിന്നുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റ് എത്തുന്നുണ്ട്.

പാലക്കാട് സർവീസ് തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടു മാസം ആകുന്നതേയുള്ളൂ. ഇത് പത്തനംതിട്ടയിൽ എത്തുന്നത് അഞ്ചു മണി കഴിയുമ്പോഴാണ്. തൊട്ടു പിന്നാലെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള കോഴിക്കോട് സൂപ്പർ ഫാസ്റ്റും പുറപ്പെടും. പിന്നെ ഒരേ റൂട്ടിൽ ഇവയുടെ മത്സരയോട്ടമാണ്. വരുമാനം നേർപകുതിയായി കുറയുകയും ചെയ്യും.