- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കരക്കപറമ്പിൽ അപകടത്തിൽ മരിച്ച ഡ്രൈവർ അരുൺ സുകുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇര; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പിൻവലിക്കുന്നതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിൽ; ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതലെന്ന് മന്ത്രി; കണ്ടക്ടർ കം ഡ്രൈവർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാർ
തിരുവനന്തപുരം: എറണാകുളം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ജീനവക്കാർക്കിടയിൽ കോർപ്പറേഷനെതിരെ രോഷം ശക്തമായി. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് അപകടത്തിൽ മരിച്ചത്. 26 യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരം കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഈ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ പഴിക്കുന്നത് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഒഴിവാക്കിയ കോർപ്പറേഷന്റെ നടപടിയെ തുടർന്നതാണ്. ഒരു ഡ്രൈവറെ കൊണ്ടു തന്നെ ദ്വീർഘദൂര ബസുകളിൽ ഓടിപ്പിക്കുന്ന ശൈലി തുടർന്നതാണ് അപകടത്തിന് ഇടയാക്കുന്നത് എന്നതാണ് ആക്ഷേപം. അതുകൊണ്ട് തന്നെ അനിൽ കുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇരയാണെന്ന ആക്ഷേപമാണ് ജീവനക്കാർക്കിടയിലുള്ളത്.
ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കണം എന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതിനിടെ ഇന്നത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ദീർഘദൂര ബസ് സർവ്വീസുകളിൽ നാളെ മുതൽ ക്രൂ ചേഞ്ചിങ് സംവിധാനം നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. .
തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ക്രൂ ചേഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതുവഴി ജീവനക്കാരുടെ ജോലീഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ദീർഘദൂര സർവ്വീസുകളിലാണ് ആദ്യഘട്ടത്തിൽ ക്രൂ ചേഞ്ചിങ് സംവിധാനം ഏർപ്പെടുത്തുക. നാളെ മുതൽ ബംഗളൂരുവിലേക്കും വടക്കൻ കേരളത്തിലേക്കുമുള്ള സർവ്വീസുകളിൽ ക്യൂ ചേഞ്ചിങ് സംവിധാനം നടപ്പിലാക്കും. ദീർഘദൂര ബസുകളിൽ കണ്ടക്ടർ കം ഡ്രൈവർ സംവിധാനമാണ് നേരത്തേ നിലനിന്നിരുന്നത്. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി തന്നെ എടുത്തുകളയാൻ തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധിയെ മറികടന്നു ഡ്രൈവർ കം കണ്ടക്ടർ രീതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിയിലെ ദീർഘദൂര ബസുകളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുന്ന തീരുമാനം കൂടിയാണിതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
ഡൈവർ കം കണ്ടക്ടർ സംവിധാനത്തെ എതിർക്കുന്നത് പ്രധാനമായും കണ്ടക്ടർമാരാണ്. ഇവർക്ക് പ്രമോഷൻ വഴി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്യാൻ സാധിക്കാറുണ്ട്. അതുകൊണ്ട് കൂടിയാണ് ഇവർ കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തെ എതിർക്കുന്നത്. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും ഇതുവഴി കെഎസ്ആർടിസിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
എറണാകുളത്ത് നിന്നും ബംഗളൂര് പോകുന്ന ബസിൽ മുഴുവൻ റിസർവേഷൻ ആയാൽ പിന്നെ കണ്ടകടർക്ക് വേറെ പണിയില്ല. എന്നാൽ ഡ്രൈവർ ആണെങ്കിൽ ഓടിച്ച് തളരുകയും ചെയ്യും. ഒപ്പം ഒരു ഡ്രൈവർ കൂടി വന്നാൽ ഓടിക്കുന്ന ഡ്രൈവർക്ക് ആത്മവിശ്വാസം കൂടും. എന്തെങ്കിലും പ്രശ്നം വന്നാൽ ജോലി അടുത്തയാൾക്ക് കൈമാറുകയും ചെയ്യാം. ഒരു ദീർഘദൂര ഡ്യൂട്ടിയിൽ മൂന്നു പേരെ അയക്കുന്നതിനും അവസാനമാകും. ഡ്രൈവർ-കം കണ്ടക്ടർ അല്ലെങ്കിൽ ഒരു ഡ്രൈവർ കൂടി ദീർഘദൂര ബസിൽ അയക്കേണ്ടി വരും. ഇതൊഴിവയ്ക്കാൻ കൂടിയാണ് ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി ഹൈക്കോടതി നടപ്പിലാക്കിയത്.
2011ലാണ് ഇത് സംബന്ധമായി ആദ്യ ഉത്തരവ് ഹൈക്കോടതി നൽകിയത്. ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസിയിൽ നടപ്പിലാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2011-ൽ ഉത്തരവ് വന്നപ്പോഴും 2017 വരെ ഈ ഉത്തരവ് കെഎസ്ആർടിസി മൂടിവെച്ചു. ഇതോടെ ഹർജിക്കാരനായ ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂർ ഉൾപ്പെട്ട ബെഞ്ച് ആണ് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയുമായിരുന്നു. രാജമാണിക്യമായിരുന്നു അന്ന് കെഎസ്ആർടിസി എംഡി. അദ്ദേഹം പെട്ടെന്ന് തന്നെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തീരുമാനം എടുക്കുകയായിരുന്നു. അങ്ങിനെയാണ് കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പിലായത്. പിന്നീട് വന്ന ടോമിൻ തച്ചങ്കരിയും ഈ സംവിധാനം തുടർന്നു.
കൊല്ലത്തിന്നടുത്ത് നടന്ന ബസ് അപകടത്തെ തുടർന്ന് ഡ്രൈവർ കം കണ്ടകടർ രീതി കെഎസ്ആർടിസി ശക്തമാക്കി. ഒരു കണ്ടക്ടരുടെ ഡ്യൂട്ടി നൽകേണ്ട ആവശ്യമില്ല. രണ്ടു ഡ്രൈവർമാരെ ദീർഘദൂര യാത്രകൾക്ക് അയക്കേണ്ട അവശ്യവുമില്ല. ഒരു കണ്ടക്ടറും ഡ്രൈവറും പോയാൽ അത്രയും മാൻപവർ കുറയ്ക്കാമെന്നും തച്ചങ്കരി കണക്കു കൂട്ടി. ഇതിനിടെ കെഎഎസ്ആർടിസിയിലെ യൂണിയനുകളാണ് എതിർപ്പുയർത്തിയത്. കണ്ടക്ടർമാർക്ക് മാത്രമാണ് പ്രമോഷൻ സാധ്യതകൾ ശക്തമായി നിലനിൽക്കുന്നത്. കണ്ടക്ടർ മൂത്തിട്ടാണ് സ്റ്റേഷൻ മാസ്റ്റർ ആകുന്നത്. എസ്എം മൂത്തിട്ടാണ് ഇൻസ്പെക്ടർമാർ ആകുന്നത്. ഇവർ പ്രമോഷൻ നേടിയിട്ടാണ് ഓഫീസർമാർ ആകുന്നത്. ഇവരാണ് ഇപ്പോഴും കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തെ എതിർക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ