തിരുവനന്തപുരം: കീശയിൽ കാശില്ലാതെ വലയുന്ന കെഎസ്ആർടിസിക്ക് വരാനിരിക്കുന്ന വിരമിക്കൽ വലിയ അനുഗ്രഹമാകുന്നു. രണ്ടുമാസത്തിനുള്ളിൽ 750 ജീവനക്കാരാണ് വിരമിക്കുന്നത്. ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിന് മുന്നിൽ കൈനീട്ടുന്ന കോർപ്പറേഷന് ചെലവുകുറയ്ക്കാനുള്ള വഴിയായി ഇതുമാറും. യൂണിറ്റുകളിൽ അധികമുള്ള ജീവനക്കാരെ പുനർവിന്യസിച്ച് ബസുകൾ മുടങ്ങാതെ ഓടിക്കാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷമായി പുതിയ നിയമനങ്ങൾ നിർത്തി വച്ചിരിക്കയാണ്. 2020 ജൂണിൽ താത്കാലിക ജീവനക്കാർ ഉൾപ്പെടെ 33,626 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ 26,614 ജീവനക്കാരാണുള്ളത്. കോവിഡിനുമുമ്പ് 4600 ബസുകൾ ഓടിയിരുന്നത് ഇപ്പോൾ 3600 ആയി. ഇതിനനുസൃതമായി ജീവനക്കാരെ കുറച്ച് ചെലവുകുറയ്ക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. വർഷം 1000 പേർ വീതം വിരമിക്കുന്നുണ്ട്. മൂന്നുവർഷംകൂടി പുതിയ നിയമനമില്ലാതെ തുടരാനാണ് നീക്കം. 23,000 ജീവനക്കാരിലേക്ക് ചുരുക്കുകയാണ് ലക്ഷ്യം.വിരമിക്കൽ കാരണം ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ പൊതു സ്ഥലംമാറ്റം മേയിൽ നടത്തും. ഇതിനുള്ള നടപടി ആരംഭിച്ചു. പുനഃക്രമീകരണം പൂർത്തിയാകുന്നതുവരെ ബസുകൾ മുടങ്ങാതിരിക്കാൻ അധികജോലി ചെയ്യുന്നവർക്ക് ആനുകൂല്യം കൂട്ടിനൽകാനും തീരുമാനിച്ചു

പുതിയ ബസുകൾ സ്വിഫ്റ്റിനാണ് നൽകുന്നത്. അവയിൽ കരാർ ജീവനക്കാരെയാണ് നിയോഗിക്കുക. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകൾ ഉടൻ കിട്ടാനിടയില്ല. ഒമ്പതുവർഷം പിന്നിട്ട 750 സൂപ്പർക്ലാസ് ബസുകൾ ഉടൻ ഓർഡിനറിയായി മാറ്റും. നാശോന്മുഖമായ 800 ബസുകൾ ആക്രിക്ക് വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിവാദങ്ങൾക്കിടയിലും കെ സ്വിഫ്റ്റ് മികച്ച വരുമാനവുമായ് കുതിക്കുന്നു. 30 ബസുകൾ മാത്രമാണ് സർവ്വീസ് തുടങ്ങിയതെങ്കിലും ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തിൽ ഗണ്യമായ ഉയർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കെഎസ്ആർടിയുടെ റൂട്ടുകൾ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകൾ രംഗത്തെത്തി.

ചില്ലറ അപകടങ്ങൾ ഉണ്ടായെങ്കിലും സ്വിഫ്റ്റ് യാത്രക്കാരെ ആകർഷിച്ച് മുന്നേറുകയാണ്. സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളിൽ 100 എണ്ണത്തിന്റെ രജിസ്‌ട്രേഷൻ ഇതിനകം പൂർത്തിയായി. റൂട്ടും പെർമിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സർവീസിനിറങ്ങിയത്.

കഴിഞ്ഞ മാസം പതിനൊന്നിനാരംഭിച്ച കെ സ്വിഫ്റ്റ് 10 ദിവസം പിന്നിടുമ്പോൾ 61 ലക്ഷം രൂപ വരുമാനമാണ് നേടിയത്. പ്രതിദിനം ശരാശരി 6 ലക്ഷം രൂപയിലധികം വരുമാനമാണ് കമ്പനിക്കുള്ളത്. എട്ട് എസി സ്‌ളീപ്പർ ബസ്സുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇരുപത്തിയെട്ട് ലക്ഷത്തി നാലായിരത്തി നാനൂറ്റിമൂന്ന് രൂപ. പെർമിറ്റ് ലഭിക്കുന്നതിനുസരിച്ച് 100 ബസ്സുകളും ഉടൻ സർവ്വീസിനിറക്കും. ഇതോടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കിഫ്ബി സഹായത്തോടെ 310 സിഎൻജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടൻ കെ സ്വിഫ്റ്റിന്റെ ഭാഗമാകും.

ശമ്പള പ്രതിസന്ധി തുടരും

ശമ്പള പ്രതിസന്ധി പരിഹരിക്കാൻ വീണ്ടും സർക്കാരിനെ സമീപിച്ച് കെഎസ്ആർടിസി. ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആർടിസി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സർക്കാർ 30 കോടി രൂപ അനുവദിച്ചിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്‌മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും സ്ഥിരീകരിച്ചു.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ (01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല: എഡിറ്റർ)