തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ സൂചനാ സമരത്തിൽ. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇതോടെ ഇന്നലെ അർദ്ധരാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാൽ ദീർഘദൂര സർവീസുകൾ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകൾ തടയില്ലെന്നും യൂണിയനുകൾ അറിയിച്ചു.

ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നൽകുന്ന കേരള ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല.