പത്തനംതിട്ട: കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെതിരേ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത സിപിഎം, സിഐടിയു ഏരിയാ നേതാക്കളെ കോടതി ശിക്ഷിച്ചു. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷിച്ചത്. ബുധനാഴ്ചയാണ് കോടതി വിധിയുണ്ടായത്. ശിക്ഷിക്കപ്പെട്ടവർ അടക്കം സിപിഎമ്മിനുള്ളിൽ വലിയ അതൃപ്തി രൂപം കൊണ്ടിരിക്കുകയാണ്.

സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടിയുമായിരുന്ന എസ്. മീരാസാഹിബ്, സിപിഎം പന്തളം ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരുന്ന വി.പി. രാജേശ്വരൻ നായർ, സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവും കർഷക സംഘം നേതാവുമായിരുന്ന പി. ഷംസുദ്ദീൻ, സിപിഎം കോന്നി ഏരിയാ കമ്മറ്റിയംഗം ഇ.കെ. ബാഹുലേയൻ, സിഐടിയു നേതാവ് പി ആർ പുരുഷോത്തമൻ എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ. ഇതിൽ എസ്. മീരാസാഹിബ് കഴിഞ്ഞയിടെ അന്തരിച്ചു.

2019 ലാണ് പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ കെഎസ്ആർടിസി പെൻഷനഴ്സ് റോഡ് ഉപരോധിച്ച് സമരം നടത്തിയത്. പാർട്ടി ഭരിക്കുന്ന സമയമായിട്ടു കൂടി ഇവർക്കെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു. 200 രൂപ വീതം പിഴയും ഒരു ദിവസത്തെ തടവുമാണ് ഇവർക്ക് കിട്ടിയത്. ശിക്ഷ ചെറുതാണെങ്കിൽ പോലും പാർട്ടിക്കാർക്ക് ഇത് നാണക്കേടായിരിക്കുകയാണ്. ശിക്ഷ ലഭിച്ചവർ ഇക്കാര്യം മറച്ചു വച്ചിട്ടില്ല. പലരും പ്രതിഷേധം പരസ്യമാക്കിയെന്നുമാണ് സൂചന.