- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം, പിടിച്ചുപറി, യാത്രക്കാരോട് അപമര്യാദ, പൊലീസിന് നേരെ കൈയേറ്റം അടക്കം 10 ക്രിമിനൽ കേസുകളിൽ പ്രതി; പത്തനംതിട്ട-ബംഗളൂരു സൂപ്പർ ഡീലക്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ കം കണ്ടക്ടർ ഷാജഹാൻ ക്രിമിനൽ പശ്ചാത്തലമുള്ളയാൾ
പത്തനംതിട്ട: പത്തനംതിട്ട-ബംഗളൂരു സൂപ്പർ ഡീലക്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവർ കം കണ്ടക്ടർ ഷാജഹാൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് സംസ്ഥാന ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകി. നാല് സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാജഹാൻ. ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്രയും ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എങ്ങനെ ഇത്രയും കാലം സർക്കാർ സർവീസിൽ തുടർന്നുവെന്നത് സംബന്ധിച്ച് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇയാളെ സംരക്ഷിച്ചു വന്ന കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം നീളുന്നുണ്ട്. ചിറ്റാർ-അഞ്ച്, പത്തനംതിട്ട രണ്ട്, കോന്നി-ഒന്ന്, ഈരാറ്റുപേട്ട-ഒന്ന്, പെരുനാട്-ഒന്ന് എന്നിങ്ങനെയാണ് ഷാജഹാൻ പ്രതിയായ പൊലീസ് കേസുകൾ ഉള്ളത്. ഇതിൽ ഈരാറ്റുപേട്ടയിലെ പിടിച്ചുപറിക്കേസിൽ ഒരു വർഷം ഇയാളെ കോടതി ശിക്ഷിച്ചിട്ടുമുണ്ട്. രണ്ടു പവന്റെ സ്വർണമാല പിടിച്ചു പറിച്ചതാണ് കേസ്. ഡ്യുട്ടിക്കിടെയുണ്ടാക്കിയ കേസുകൾ ആണ് ഏറെയും. മോഷണം, പിടിച്ചു പറിക്കേസുകളിലാണ് ഇയാൾ കൂടുതലും ഉൾപ്പെട്ടിട്ടുള്ളത്.
ചിറ്റാർ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദിച്ചതടക്കമുള്ള കേസുകളിൽ ഷാജഹാൻ പ്രതിയാണ്. ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറിച്ച് പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗം ഇയാൾ ഇപ്പോഴും സർവീസിൽ തുടരുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇത്രത്തോളം ക്രിമിനൽ ആയ ഒരു ജീവനക്കാരൻ പ്രധാനപ്പെട്ട റൂട്ടുകളിൽ കണ്ടക്ടർ കം ഡ്രൈവറായിട്ട് ജോലിക്കു പോകുന്നത് ഗോവിന്ദച്ചാമിയെ റെയിൽവേയിൽ ടിടിആർ ആക്കിയതിന് തുല്യമായതഒ പോലെയാണെന്ന് ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു. വനിതാ കണ്ടക്ടർമാരോട് അടക്കം അപമര്യാദയായി പെരുമാറിയിട്ടുണ്ട് ഇയാളെന്ന പരാതിയും മുൻപ് ഉണ്ടായിരുന്നു.
ഏതെങ്കിലും കേസിൽ പ്രതിയായാൽ വാദിക്കും കേസ് എടുക്കുന്ന ഉദ്യോഗസ്ഥനുമെതിരേ കൗണ്ടർ കേസുമായി പോകുന്നത് ഷാജഹാന്റെ പതിവാണ്. കെഎസ്ആർടിസി വിജിലൻസിലെ അടക്കം ഉദ്യോഗസ്ഥർക്കെതിരേ ഇത്തരത്തിൽ ഇയാൾ പരാതി നൽകിയിട്ടുണ്ട്. ചിറ്റാർ സ്റ്റേഷനിലെ പൊലീസുകാർക്കെതിരേ അടക്കം പരാതി നൽകിയിരുന്നു. കുറ്റം ചെയ്ത ശേഷം വാദിയെയും കേസെടുക്കുന്ന പൊലീസുകാരെയും തനിക്ക് മുകളിലുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും പ്രതിയാക്കി കേസ് കൊടുക്കുന്നത് ഇയാളുടെ പതിവാണ്. ഇതു കാരണം, ഇയാൾക്കെതിരേ നടപടി എടുക്കാനും സംസാരിക്കാനും മേലുദ്യോഗസ്ഥർ മടിക്കുകയാണ്.
ക്രിമിനലായ ഒരു ജീവനക്കാരൻ സർവീസിൽ തുടരുന്നതിന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്ന ന്യായം ഇയാൾ മികച്ച വരുമാനം ഉണ്ടാക്കുന്നുവെന്നാണ്. എന്നാൽ ഇത് തെറ്റായ വാദമാണെന്ന് ജീവനക്കാർ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്