- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.ടി ഓഫീസുകൾ എല്ലാം ഡി.ടി ഓഫീസിൽ ലയിപ്പിച്ചപ്പോൾ ഡിപ്പോകളിൽ ഒരു പാട് സ്ഥലം ബാക്കി; വെറുതേ കിടക്കുന്ന സ്ഥലത്ത് മറ്റ് ബിസിനസ് തുടങ്ങാൻ കെഎസ്ആർടിസി; ട്രെയൽ പ്രൊജക്ടായി ഓണച്ചന്തകൾ തുടങ്ങും
പത്തനംതിട്ട: ഓണം ബമ്പറടിച്ചെങ്കിൽ കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാമായിരുന്നുവെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന ട്രോളന്മാർക്ക് ചാകരയായിരുന്നു. കോർപ്പറേഷന്റെ ഗതികേടായിരുന്നു ഈ വാക്കുകളിലുടെ പുറത്തു വന്നത്. സർവീസ് നടത്തിയാണെങ്കിലും മറ്റു രീതിയിലാണെങ്കിലും കെഎസ്ആർടിസിക്ക് വരുമാനം വർധിപ്പിക്കുക എന്നതു മാത്രമാണ് ഇപ്പോഴുള്ള ഏക ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിപ്പോകളിൽ ഓണച്ചന്ത നടത്താനൊരുങ്ങുകയാണ് കോർപ്പറേഷൻ.
കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളിൽ ഓണ ച്ചന്ത ആരംഭിക്കാൻ സ്ഥലം അനുവദിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും എല്ലാ ഡിപ്പോകൾക്കും കഴിഞ്ഞ ദിവസം സർക്കുലർ അയച്ചു. നിലവിൽ സബ് ഡിപ്പോകളിൽ പ്രവർത്തിച്ചിരുന്ന എടി ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.
ഇവിടെയുണ്ടായിരുന്ന ജീവനക്കാരും സാധന സാമഗ്രികളും അതാത് ഡി.ടി.ഓഫീസുകളിലേക്ക് മാറ്റി. ഇങ്ങനെ ചെയ്തപ്പോൾ ഡിപ്പോകളിൽ ധാരാളം സ്ഥലം ലഭിക്കുന്നുണ്ട്. മിക്ക സബ് ഡിപ്പോകളും നഗരഹൃദയങ്ങളിലാണുള്ളത്. ഇങ്ങനെ വെറുതേ കിടക്കുന്ന സ്ഥലമാകും വേറെ ആവശ്യങ്ങൾക്ക് നൽകുക. ഓണച്ചന്ത ഇത്തരത്തിലുള്ള ആദ്യ പരീക്ഷണമാകും.
ബസ് സ്റ്റേഷനുകളിൽ ഓണച്ചന്ത ആരംഭിക്കാൻ താല്പര്യം ഉള്ളവരിൽ നിന്നും അവർ നൽകാൻ ഉദ്ദേശിക്കുന്ന പ്രതിദിന തുക രേഖപ്പെടുത്തിയ അപേക്ഷ വാങ്ങണമെന്നാണ് എംഡിയുടെ സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നത്. അപേക്ഷ വാങ്ങി അംഗീകാരത്തിനായി എസ്റ്റിമേറ്റ് വിഭാഗത്തിൽ നൽകണം. ഓണച്ചന്ത നടത്താൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതിന് മാർക്കറ്റിങ് എക്സിക്യൂട്ടീവുമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശം ഉണ്ട്.
നേരത്തെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചിരുന്നു. ഇത്തരം സർവീസുകൾ എല്ലാ ഡിപ്പോകളിൽ നിന്നും നടത്തുന്നുണ്ട്. കർക്കിടക മാസം ആരംഭിച്ചതോടെ പല ഡിപ്പോകളിൽ നിന്നും നാലമ്പല ദർശനം സർവീസ് ആരംഭിച്ചിരുന്നു. ഇത്തരം സർവീസുകൾ വിജയമായിരുന്നെന്നാണ് സൂചന. ഇതോടെയാണ് ടിക്കറ്റേതര വരുമാനം വർധിപ്പിക്കാതുള്ള പദ്ധതിയുടെ ഭാഗമായി ഓണച്ചന്തകൾ നടത്താൻ ബസ് സ്റ്റേഷനുകളിൽ സ്ഥലം അനുവദിക്കാനുള്ള തീരുമാനം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്