കണ്ണുർ: കണ്ണൂർ സർവ്വകലാശാലയിൽ ആർ.എസ്.എസ് നൽകിയ ബാറ്റൺ ഏന്തി സിപിഎം ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ശ്രമിച്ചാൽ ഗാലറിയിലിരുന്ന് കളി കാണുകയല്ല എറിഞ്ഞു വീഴ്‌ത്തുമെന്ന് കെ.എസ്.യു നേതാവിന്റെ മുന്നറിയിപ്പ് വിവാദ സിലബസ് തിരുത്തിയില്ലെങ്കിൽ കണ്ണുർ സർവ്വകലാശാലയ്‌ക്കെതിരെ അതിശക്തമായ സമരമാരംഭിക്കുമെന്നും കെ.എസ്.യു.നേതാക്കൾ മുന്നറിയിപ്പു നൽകി.

കണ്ണുർ സർവകലാശാലയിൽ കാവി വൽക്കരണത്തിനായി വിവാദ സിലബസുണ്ടാക്കിയ അദ്ധ്യാപകനെ പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനം സംഘപരിവാർ അജൻഡ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നുംകെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കുർ ഡി.സി.സി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് സിലബസിൽ ആർ.എസ്.എസ് അജൻഡയുടെ ഭാഗമായി സംഘ പരിവാർ നേതാക്കളുടെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ഡോ.കെ.എം സുധീഷിനാണ് പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്‌സനാക്കി കൊണ്ട് സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. ആരോപണ വിധേയനായ അദ്ധ്യാപകനെ സർവ്വകലാശാലയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റുന്നതിന് പകരം സ്ഥാനക്കയറ്റം നൽകുകയാണ് സിൻഡിക്കേറ്റ് ചെയ്യുന്നത്. ഇതു സർവ്വകലാശാലയിൽ സംഘ് പരിവാർ അജൻഡ നടപ്പിലാക്കുന്നതിന്റെ തെളിവാണ്.

ചാൻസലർ കുടിയായ ഗവർണറുടെ അനുമതിയില്ലാതെ യുനിവേഴ്‌സിറ്റി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം നടത്തിയത്. ഇതു സ്റ്റാറ്റിയൂട്ടറി ലംഘനം കൂടിയാണ്. പുതുതായി രൂപീകരിച്ച എട്ട് ബോർഡ് ഓഫ് സ്റ്റഡീസിലും തങ്ങൾക്ക് വേണ്ടപ്പെട്ടവരെ കുത്തി തിരുകി കയറ്റുകയാണ് സിൻഡിക്കേറ്റ് ചെയ്തത്. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇതിലെ അംഗങ്ങൾ.

അക്കാദമിക് കലൻഡർ പ്രകാരം കഴിഞ്ഞ ജൂലൈ ഒൻപതിന് ആരംഭിക്കേണ്ട മൂന്നാം സെമസ്റ്റർ പി ജി കോഴ്‌സിന്റെ ഭാഗമാണ് തലശേരി ബ്രണ്ണൻ കോളേജിലെ പി.ജി കോഴ്‌സും എന്നാൽ ഈ കോഴ്‌സിന് സിലബസ് തയ്യാറാക്കിയത് കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് 'വിവാദ സിലബസ് പിൻവലിക്കാൻ സർവകലാശാല തയ്യാറായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് ഷമ്മാസ് മുന്നറിയിപ്പു നൽകി.വാർത്താ സമ്മേളനത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അതുലും പങ്കെടുത്തു.