- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇളയാപ്പയുടെ ഇടപെടലിൽ ബന്ധുവിന് ശമ്പളവും ആനുകൂല്യവും കിട്ടയതിനാൽ വിജിലൻസ് കേസിന് സാധ്യത ഏറെ; ഭരണം മാറിയാൽ മുൻ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും പ്രതിയാകാൻ സാധ്യത; ലോകായുക്തയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; ബന്ധു നിയമനത്തിൽ വിലങ്ങൊഴിവാക്കാൻ ഇനി നിയമ പോരാട്ടം
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച കെടി ജലീലിനെ വിജിലൻസ് കേസിൽ നിന്ന് രക്ഷിക്കാൻ തന്ത്രങ്ങൾ ആലോചിച്ച് സംസ്ഥാന സർക്കാർ. ഭരണമാറ്റം ഉണ്ടാകുന്നതിന് മുമ്പ് തന്നെ വിജിലൻസ് കേസിനുള്ള സാധ്യത അടയ്ക്കാനാണ് നീക്കം. യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷം കേസെടുത്താൽ മുഖ്യമന്ത്രി പിണറായി വിജയനും ഈ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. ഈ കേസിൽ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം കിട്ടിക്കഴിഞ്ഞു. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്.
ലോകായുക്ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോകായുക്തയുടെ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ട്. സിവിൽ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിർദ്ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. മാത്രമല്ല കെ.ടി. ജലീലിന്റെ നിർദ്ദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയിൽ ഇളവ് വരുത്തി തീരുമാനമെടുത്തത് സർക്കാരാണ്. അതിനാൽ നടപടിക്രമങ്ങളിൽ സർക്കാരിന് കൂടി പങ്കുള്ളതിനാൽ സർക്കാരിന്റെ ഭാഗം കൂടി കേൾക്കണം. ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്ത പെട്ടെന്ന് വിധി പ്രസ്താവം നടത്തിയത്. പരാതിയിൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലോകായുക്ത വിധിക്കെതിരേ സർക്കാരിന് റിട്ട് ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. നിലവിൽ കെ.ടി. ജലീൽ വ്യക്തിപരമായാണ് റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ലോകായുക്ത വിധിക്കെതിരേ സംസ്ഥാന സർക്കാരും അടുത്തദിവസം കോടതിയെ സമീപിക്കും. ഈ കേസിൽ അനുകൂല വിധിയുണ്ടായാൽ വിജിലൻസ് കേസിന്റെ സാഹചര്യം ഒഴിവാകും. അങ്ങനെ ജലീലിനെ രക്ഷിച്ചെടുക്കാനാണ് നീക്കം.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ ജനറൽ മാനേജരായി നിയമിച്ച നടപടിയിലാണ് കെ.ടി. ജലീലിനെതിരേ ലോകായുക്ത വിധി പ്രസ്താവിച്ചത്. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇതിനുപിന്നാലെ കെ.ടി. ജലീൽ കഴിഞ്ഞദിവസം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ലാകായുക്ത പ്രഖ്യാപനത്തെത്തുടർന്ന് കെ.ടി.ജലീൽ രാജിവച്ചെങ്കിലും വിഷയം അവസാനിക്കണമെന്നില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് ഇനിയും സാധ്യതയുണ്ടെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ബന്ധുനിയമനത്തിൽ അഴിമതി നിരോധന നിയമപ്രകാരം ജലീലിനെതിരെ കേസെടുക്കാൻ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ നിയമന അധികാരിയുടെ അനുമതിയുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തുടർന്നു ഹർജി പിൻവലിച്ച് അനുമതിക്കായി മുഖ്യമന്ത്രിക്കും ഗവർണർക്കും അപേക്ഷ നൽകി. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്നു സർക്കാർ നിലപാടു സ്വീകരിച്ചപ്പോൾ, അന്നത്തെ ഗവർണർ പി.സദാശിവം അപേക്ഷ സർക്കാരിന് അയച്ചുകൊടുത്തു. അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ മറുപടിയാണു ഗവർണറും നൽകിയത്.
സ്വജനപക്ഷപാതം ആരോപിച്ചാണു പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്. സ്വജനപക്ഷപാതം വ്യക്തമായാൽ സ്ഥാനം നഷ്ടപ്പെടും. പക്ഷേ, ശിക്ഷ ലഭിക്കുന്ന കുറ്റമല്ല. എന്നാൽ സ്വജനപക്ഷപാതപരമായ നടപടിയിലൂടെ സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടാകുകയോ അനർഹരായ ആളുകൾക്കു ലാഭമുണ്ടാകുകയോ ചെയ്‌തെന്നു തെളിഞ്ഞാൽ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലാകും. അടുത്ത ബന്ധുവിനു നിയമനം ലഭ്യമാക്കാൻ ജലീൽ സ്വജനപക്ഷപാതം നടത്തിയെന്നാണു ലോകായുക്ത കണ്ടെത്തൽ.
നിയമനം നേടിയ ആൾ ശമ്പളവും ആനുകൂല്യങ്ങളും പറ്റിയതിനാൽ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരാം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർക്ക് വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്കു നിയമനാധികാരിയെ സമീപിക്കാം. അടുത്ത സർക്കാർ ആരുടേത് എന്നതാകും നിർണായകം. എൽഡിഎഫ് തുടർഭരണമുണ്ടായാൽ ജലീലിനെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടു തുടരും. പക്ഷേ, യുഡിഎഫാണ് അധികാരത്തിലെത്തുന്നതെങ്കിൽ പ്രോസിക്യൂഷൻ നടപടികൾക്കു അനുമതി നൽകും. ഇത് മനസ്സിലാക്കിയാണ് പിണറായി സർക്കാരിന്റെ നീക്കം. അദീപിന് നിയമനം നൽകാനുള്ള ചട്ട ഭേദഗതിയിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ