കടമ്പനാട്: സംസ്ഥാന ഭരണവും സിപിഎം നേതൃത്വത്തിന്റെ പിൻബലവുമുണ്ടെങ്കിൽ എന്തു ക്രമക്കേടും നടത്താമെന്ന അണികളുടെ മോഹത്തിന് തിരിച്ചടി നൽകി ഹൈക്കോടതി ഇടപെടൽ. കടമ്പനാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ നടന്ന കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പിൽ നഗ്‌നമായ നിയമലംഘനത്തിലൂടെ വിജയിച്ച സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഇടപെടൽ. വോട്ടെണ്ണലിൽ കൃത്രിമത്വം കാണിച്ചതിന്റെ പേരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി. കുടുംബശ്രീ ഡയറക്ടർ ശാരദാ മുരളീധരൻ റീപോളിന് ഉത്തരവിട്ടു.

പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പ്രതിനിധാനം ചെയ്യുന്ന വാർഡാണ് അഞ്ച്. കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ഇവിടെ സിപിഎം തോൽക്കുമെന്ന് വന്നതോടെയാണ് അട്ടിമറി നടത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമായിരുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിലാണ് കൃത്രിമം നടന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ വോട്ട് കൂടി സിപിഎമ്മിന്റെ പേരിലാക്കി എണ്ണുകയായിരുന്നു.

വരണാധികാരിയായ വ്യവസായ വികസന ഓഫീസർ, പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് എന്നിവരെ അട്ടിമറിക്കായി സിപിഎം പ്രത്യേകം നിയോഗിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇവർ രാത്രി വരെ വൈകിപ്പിച്ചു. എണ്ണിത്തുടങ്ങിയപ്പോൾ 49-20 എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിലായിരുന്നു. പിന്നെയാണ് അട്ടിമറി അരങ്ങേറിയത്. ഇതിന് ശേഷം എടുത്ത ബാലറ്റെല്ലാം സിപിഎം സ്ഥാനാർത്ഥികളുടെ പേര് പറഞ്ഞ് ഒരു വശത്തേക്ക് മാറ്റി വച്ചു.

അവസാനം യുഡിഎഫിനുള്ള വോട്ട് 49 ൽ മാത്രം നിന്നു. എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ബാലറ്റ് തങ്ങൾക്ക് കാണണമെന്നും റീകൗണ്ടിങ് വേണമെന്നും യുഡിഎഫ് സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടു. എന്നാൽ വരണാധികാരി ഇതിന് തയാറായില്ല. ഇതോടെ യുഡിഎഫുകാർ വരണാധികാരിയെ ഉപരോധിച്ചു. ഈ സമയം അവിടെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഫോൺ ചെയ്ത് നൂറോളം സിപിഎമ്മുകാരെ വരുത്തി. ഇവരുടെ ഗുണ്ടായിസമാണ് പിന്നെ നടന്നത്. ഭീഷണിപ്പെടുത്തി യുഡിഎഫുകാരെ ഓടിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരിഹസിച്ച്, കൂവി വിളിച്ചാണ് ഇവരെ ഇറക്കി വിട്ടതെന്ന് പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതിരേ ജില്ലാ മിഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു. ഇരുപാർട്ടികളെയും കേട്ട് തീർപ്പു കൽപ്പിക്കാൻ കുടുംബശ്രീ ഡയറക്ടറെ കോടതി ചുമതലപ്പെടുത്തി. ഡയറക്ടർ ശാരദാ മുരളീധരൻ നടത്തിയ ഹിയറിങ്ങിൽ ഉണ്ടായ സംഭവം കോൺഗ്രസ് സ്ഥാനാർത്ഥികൾ അവതരിപ്പിച്ചു. ക്രമക്കേട് നടന്നുവെന്ന് ബോധ്യമായ ഡയറക്ടർ റീ കൗണ്ടിങിന് നിർദേശിച്ചു. ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു.

എന്നാൽ, ഇത്രയും നാൾ ബാലറ്റ് എതിർ കക്ഷികളുടെ കൈവശമിരുന്നതിനാൽ ഇനിയും എണ്ണൽ നടത്തിയാൽ ഫലം കൃത്യമാകാനിടയില്ല എന്ന വാദമാണ് കോൺഗ്രസ് മുന്നോട്ടു വച്ചത്. ഡയറക്ടർ ഇത് അംഗീകരിക്കുകയും റീ പോളിങിന് ഉത്തരവിടുകയുമായിരുന്നു.

സിപിഎം ഏരിയാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഹൈക്കോടതി ഇടപെടലിലുടെ തങ്ങൾക്ക് നീതി കിട്ടിയെന്നും അവർ പറയുന്നു. അതേ സമയം, കോടതി ഉത്തരവിന് സ്റ്റേ വാങ്ങുന്നതിനായി ഏരിയാ സെക്രട്ടറിയുടെ നിർദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റും സംഘവും നടപടി ആരംഭിച്ചിട്ടുണ്ട്.