പത്തനംതിട്ട: കുമ്പനാട് നാഷണൽ ക്ലബിൽ നടക്കുന്ന പണം വച്ചുള്ള ചീട്ടുകളി പൊലീസ് പിടിക്കാൻ കാരണമായത് ഭരണ സമിതി അംഗങ്ങളിലെ പടലപ്പിണക്കം. ഇവരിൽ ചിലർ ഒറ്റിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ഇവിടെ പരിശോധന നടത്തിയതും 10.13 ലക്ഷം രൂപ പിടികൂടിയതും. 11 പേരാണ് അറസ്റ്റിലായത്. മൂന്നു പേർ ഓടിപ്പോയതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.

ഇതിൽ പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐയെ റെയ്ഡിന് ചെന്ന പൊലീസുകാർ തന്നെ ഓടിച്ചു വിടുകയായിരുന്നുവെന്ന് പറയുന്നു. പക്ഷേ, പാലക്കാട് ജില്ലയിൽ ജോലി ചെയ്യുന്ന ഒരു സിപിഓ അറസ്റ്റിലാവുകയും ചെയ്തു. ഇയാൾ പൊലീസുകാരനാണെന്ന് റെയ്ഡ് നടത്തിയവർക്ക് അറിയില്ലാരുന്നു. അല്ലായിരുന്നുവെങ്കിൽ ഓടിപ്പോയവരുടെ കൂട്ടത്തിലാകുമായിരുന്നു ഇയാളുടെയും സ്ഥാനം.

ഇന്നലെ വൈകിട്ട് നാലു മണിക്ക് ശേഷം ഡാൻസാഫ് ടീമിന്റെയും, കോയിപ്രം പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കോയിപ്രം കടപ്ര നെല്ലിമല കണ്ടത്തിൽ വീട്ടിൽ ആംബുജാക്ഷന്റെ മകൻ ശ്രീകുമാർ (42), കോട്ടയം നെടുങ്കുന്നം കറുകച്ചാൽ കാട്ടുവെട്ടി വീട്ടിൽ ശശിയുടെ മകൻ പ്രദീപ് (38), ആലപ്പുഴ വെണ്മണി പുന്തല ഏറം പള്ളിപ്പടിഞ്ഞാറ്റത്തിൽ അബ്ദുൽ സലാം മകൻ അഷ്റഫ് (49), കോട്ടയം കങ്ങഴ എടയരികപ്പുഴ പുത്തൻവീട്ടിൽ സലീം മകൻ റഷീദ് (38), ആലപ്പുഴ ചെങ്ങന്നൂർ നെടുവരംകോട് ചെറിയനാട് കുഴിത്തുണ്ടതിൽ വാസുദേവപ്പണിക്കർ മകൻ പ്രസാദ് (52), കുന്നന്താനം മരൂർ വീട്ടിൽ നാരായണപിള്ള മകൻ സുരേന്ദ്രൻ പിള്ള (53), തിരുവനന്തപുരം കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം വീട്ടിൽ ബൈസൽ മകൻ വിനോദ് (30), ആലപ്പുഴ ചെങ്ങന്നൂർ മോടിയുഴത്തിൽ തിട്ടമേൽ എം വി ജോൺ മകൻ ബാബു ജോൺ (52), കൊല്ലം ചവറ തെക്കുംഭാഗം മാലിഭാഗം കൊച്ചുകളീത്തറ വിക്രമൻ പിള്ളയുടെ മകൻ അനൂപ് കൃഷ്ണൻ (32), പറക്കോട് ഏഴാംകുളം കൈലാസം വീട്ടിൽ നാരായണൻ ഉണ്ണിത്താൻ മകൻ രഘുനാഥൻ (58), കോട്ടയം ചെറുവള്ളി ഞാലിയിൽ വീട്ടിൽ ആന്റണിയുടെ മകൻ സിബി ആന്റണി (54)) എന്നിവരാണ് അറസ്റ്റിലായത്.

ആകെ പത്തുലക്ഷത്തി പതിമൂന്നായിരത്തി നൂറ്റിപ്പത്ത് രൂപയും പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൊലീസുകാരനും ഉൾപ്പെടുന്നു. പിടിയിലായ പൊലീസുദ്യോഗസ്ഥൻ കൊല്ലം ചവറ സ്വദേശിയായ അനൂപ് കൃഷ്ണൻ പാലക്കാട് ജില്ലാ ഹെഡ് ക്വാർട്ടർ യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസറാണ്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നൽകിയ നിർദേശപ്രകാരം നടത്തിയ സംയുക്ത നീക്കത്തിലാണ് ഇത്രയും പേർ പിടിയിലായത്. പഴുതടച്ചവിധം ആസൂത്രിതമായി നടത്തിയ പരിശോധനയിൽ കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ് ഐമാരായ അനൂപ്, താഹാകുഞ്ഞ്, മധു, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ മാത്യു എബ്രഹാം, ജോബിൻ ജോൺ, സി പി ഒ ആരോമൽ എന്നിവരും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഒമാരായ മിഥുൻ, ബിനു, സുജിത്, അഖിൽ ശ്രീരാജ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

റെയ്ഡ് നടക്കുന്ന സമയം ജില്ലാ പൊലീസ് മേധാവി വീഡിയോ കാളിലൂടെ നടപടികൾ നിരീക്ഷിക്കുകയും വേണ്ട നിർദേശങ്ങൾ പൊലീസുദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. പൊലീസ് സ്ഥലത്ത് എത്തുമ്പോൾ ഗേറ്റിനു പുറത്തും കോമ്പൗണ്ടിലും ചീട്ടു കളിക്കാനെത്തിയവരും മറ്റും കൂടിയിരുന്നു. ചീട്ടുകളി സംഘടിപ്പിക്കുകയും, നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഒന്നാം പ്രതി ഹരി എന്നുവിളിക്കുന്ന ശ്രീകുമാർ പൊലീസ് ഉള്ളിൽ കടന്നത് അറിഞ്ഞപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവിടെ പണംവച്ച് കളിക്കാൻ എത്തുന്നത്.

ജില്ലയിൽ ആദ്യമായാണ് പൊലീസ് ഇത്തരത്തിൽ റെയ്ഡ് നടത്തി ഇത്രയും വലിയ തുക പിടിച്ചെടുക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം രൂപ അടയ്ക്കുന്നവർക്ക് മാത്രമേ കളിക്കാൻ സാധിക്കൂ എന്നാണ് വ്യവസ്ഥ. രക്ഷപ്പെടാൻ പഴുതു നൽകാതെ പൊലീസ് നാലുവശവും വളഞ്ഞാണ് വിശാലമായ കെട്ടിടത്തിലെ ചീട്ടുകളി മുറിയിൽ കടന്നത്. പിടികൂടുമ്പോൾ തന്നെ ഫോണുകൾ പിടിച്ചെടുത്തശേഷം നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ, കേസ് എടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ജില്ലയിൽ ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മുൻ ഡിജിപി, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, കേരളത്തിലും വിദേശത്തുമുള്ള അതിസമ്പന്നർ എന്നിവരുൾപ്പെടുന്നതാണ് നാഷണൽ ക്ലബ്. ഇവിടെ അംഗത്വമെടുക്കാൻ ലക്ഷങ്ങളാണ് നൽകേണ്ടത്. ജീവകാരുണ്യ പ്രവർത്തനം, ഭവന നിർമ്മാണ ധനസഹായം, വിവാഹ സഹായം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ക്ലബിന്റെ ഭാഗമായുണ്ട്. പക്ഷേ, പണം വച്ചുള്ള ചീട്ടുകളിക്ക് കുപ്രസിദ്ധമാണ് ഇവിടം. മുൻപും ഇവിടെ പരിശോധന നടന്നിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയിലെ ഭിന്നതയാണ് ഇത് പൊലീസ് റെയ്ഡിലേക്ക് എത്തിച്ചത്.