- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യം; ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സിപിഎം ധാരണ; മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം; നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ല; ബിജെപിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് തെളിവു ചോദിച്ചു കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രംഗത്തെത്തി. ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്ന് കുമ്മനം പ്രതികരിച്ചു. നേമത്ത് കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യമെന്നാണ് കുമ്മനം പ്രതികരിച്ചത്.
കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ചേർന്ന് മണ്ഡലത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പമാണ്. നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നേമത്ത് നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സിപിഎം ധാരണ. കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ ധാരണയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. 'എന്നെ തോൽപ്പിക്കണമെന്ന് കോൺഗ്രസ് പറയുന്നു. എന്നെ തോൽപ്പിക്കണമെന്ന് സിപിഎം പറയുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നനിലയ്ക്ക് നോക്കുമ്പോൾ ഇവിടെ കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യമാണ്' കുമ്മനം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് മൂന്ന് മുന്നണികളും അതാത് പാർട്ടികളിലെ അനുഭവ സമ്പത്തുള്ള നേതാക്കളെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. സിപിഎമ്മിന്റെ വി.ശിവൻകുട്ടിയും കോൺഗ്രസിനായി വടകര എംപി കെ.മുരളീധരനും ശക്തമായ പ്രചാരണവുമായി മുന്നേറുകയാണ്.
ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതനിരപേക്ഷതയുടെ ശക്തിദുർഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആർ.എസ്.എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തിൽ പൊതുവിൽ മതനിരപേക്ഷ ശക്തികൾ പാലിച്ചിട്ടുണ്ട്. അതിന്റെ മുൻപന്തിയിൽ ഇടതുപക്ഷം നിന്നിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം തീർക്കുന്ന ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് ആർ.എസ്.എസിനും ബിജെപിക്കും കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ കഴിയാതെ വന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരിടത്ത് വിജയിക്കുമെന്ന് പറയാൻ കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റില്ല. കോൺഗ്രസും യു.ഡി.എഫും സഹായിച്ചതു കൊണ്ടാണ് ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുടങ്ങാനായതെന്നും പിണറായി വിമർശിച്ചു. നേമത്ത് കഴിഞ്ഞ തവണ ബിജെപി. തുറന്ന അക്കൗണ്ട് ഇത്തവണ എൽ.ഡി.എഫ്. ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ