തിരുവനന്തപുരം: നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രമായ ചേരയുടെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. ചേരയുടെ ഫസ്റ്റ്‌ലുക് പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന് പിന്നാലൊണ് കുഞ്ചോക്കോ ബോബനെതിരെ സൈബർ ആക്രമണം ഉയർന്നത്. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര.

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപമായ പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. കുരിശിൽ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി പോസ്റ്ററിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് സൈബറിടത്തിൽ വിമർശനം ഉയരുന്നത്. സിനിമയിലൂടെ ക്രിസ്ത്യാനികളെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമർശകർ പറയുന്നത്.

അത്തരം സിനിമകൾക്ക് ചാക്കോച്ചൻ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നാണ് പ്രതിഷേധകർ പറയുന്നത്. ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും പോസ്റ്റിന് താഴെ കമന്റ് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് നജീം കോയയാണ് എന്നതിലും ചിലർക്ക് പ്രശ്നമുള്ളതായി കമന്റുകൾ സൂചിപ്പിക്കുന്നുണ്ട്.

'ജിഹാദി പണം വാങ്ങിയാൽ ജോലി ചെയ്യണം പക്ഷേ ക്രിസ്ത്യാനികൾ എന്നും സഹിക്കും എന്ന് കരുതിയാൽ തെറ്റി' ഒരാൾ കമന്റായി കുറിക്കുന്നു. 'സിനിമയുടെ പേര് , ഫസ്‌റ് ലുക്ക് പോസ്റ്റർ , കഥ എന്നിവയിലെല്ലാം ആശയദാരിദ്ര്യം അനുഭവിക്കുന്ന ജിഹാദി - കള്ളപ്പണ സിനിമക്കാർ ഒരു പാഠപുസ്തകം ആക്കേണ്ട ഒരു ന്യൂജൻ സിനിമയാണ് ഹോം എന്ന ഓണ ചലച്ചിത്രം . അത് ഒരു വട്ടം കണ്ടുകഴിഞ്ഞാൽ ഇങ്ങിനെ തരം താണ പോസ്റ്ററുകൾ ഇട്ട് ഒരു വിഭാഗം മനുഷ്യരുടെ കണ്ണീരും വേദനയും വിറ്റ് കാശാക്കാൻ മനസാക്ഷിയുള്ള ഒരു സിനിമാക്കാരനും കഴിയില്ല . പ്രതിഭ വേണമെടോ പ്രതിഭ . അതില്ലാത്തവൻ റിയൽ എസ്റ്റേറ് ബ്രോക്കറാവുന്നത് തന്നെയാണ് നല്ലത്'. മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെ.

'നിങ്ങൾ ഒരു കൃസ്ത്യാനി അല്ലെ. ഇനി നിങ്ങൾക്ക് വിശാസമിലികിൽ ഒരു പറ്റം കൃസ്ത്യാനികൾ വിശാസമുൺ. മാതാവിനെയും ഈശോയും കളിയാകി ഒരു പോസ്റ്റർ ഇടുവാൻ പ്രസക്തി ഏതാണ്'.

നാദിർഷ സംവിധാനം ചെയ്യുന്ന യേശു എന്ന ചിത്രത്തിനെതിരെയും സമാനമായ രീതിയിൽ പ്രതിഷേധങ്ങളും സൈബർ ആക്രമണങ്ങളും നടന്നിരുന്നു. യേശു എന്ന പേര് മാറ്റണമെന്നായിരുന്നു ചില ക്രിസ്ത്യൻ സംഘടനകളുടെ ആവശ്യം. അത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെയാണ് ചേരയുമായി ബന്ധപ്പെട്ടും കുഞ്ചാക്കോ ബോബന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ ഉയർന്നുകൊണ്ടിരിക്കുന്നത്. മൈക്കലാഞ്ജലോയുടെ ലോകപ്രശ്സതമായ ശിൽപം പിയേറ്റയെ അനുകരിച്ചാണ് ചേര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്.

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അർജുൻ എംസിയാണ് നിർമ്മിക്കുന്നത്.ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ എം സി ആണ് നിർമ്മാണം. ഷഹബാസ് അമൻ സംഗീതവും അൻവർ അലി ഗാനരചനയും നിർവ്വഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര.