കൊല്ലം: കുണ്ടറ പീഡന കേസിൽ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന എന്ന് ആരോപിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രി എ.കെ.ശശീന്ദ്രൻ ഒത്തുതീർപ്പിനായി ഇടപെട്ട പീഡന പരാതിയിൽ നുണപരിശോധനയ്ക്കും അദ്ദേഹം സന്നദ്ധത അറിയിച്ചു. നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി പത്മാകരൻ മുഖ്യമന്ത്രിക്ക് കത്തെഴുതി.

രാഷ്ട്രീയ വിരോധത്തിന്റെ പേരിലുള്ള അടിസ്ഥാന രഹിതമായ ആരോപണമെന്ന വാദമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എൻസിപി നേതാവ് പത്മാകരൻ ആവർത്തിക്കുന്നത്. ബ്രയിൻ മാപ്പിംഗോ,നാർക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും പത്മാകരൻ സമ്മതവും അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയോട് ഒരിക്കൽ പോലും താൻ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കത്തിൽ പത്മാകരൻ അവകാശപ്പെടുന്നു.

പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരൻ പറയുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരൻ പരാതിയിൽ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരൻ കത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ടെന്നും പത്മാകരൻ പരാതിയിൽ പറയുന്നു.

അതേസമയം മന്ത്രി ശശീന്ദ്രനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നൽകുമെന്ന് പരാതിക്കാരിയായ യുവതി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നൽകുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നൽകാൻ തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അന്വേഷണവുമായി താൻ സഹകരിച്ചില്ലെന്ന ആരോപണം നിഷേധിച്ച് പരാതിക്കാരി നിഷേധിച്ചു. തെളിവായി ജൂൺ 30ന് പൊലീസ് സ്റ്റേഷനിൽ പോയ ദിവസത്തേതെന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.

പരാതിക്കാസ്പദമായ സംഭവം നടന്ന പത്മാകരന്റെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ പൊലീസ് തീരുമാനിച്ചിച്ചുണ്ട്. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും കുണ്ടറ പൊലീസ് അറിയിച്ചു.

യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ പത്മാകരനുൾപ്പെടെ മൂന്ന് പേരെ പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഇയാൾ മുഖ്യമന്ത്രിയെ സമീപിച്ചത്.കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകളാണ് പത്മാകരനെതിരെ പരാതി നൽകിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കയ്യിൽ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആക്ഷേപം ഉണ്ട്.

വിഷയത്തിൽ, മന്ത്രി ശശീന്ദ്രൻ ഇടപെട്ടതിന്റെ തെളിവ് പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയം വലിയ വിവാദത്തിലേക്ക് തിരിഞ്ഞത്. വിഷയം നല്ല നിലയിൽ തീർക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. ഇതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പാർട്ടി അംഗങ്ങൾക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ പ്രയാസമില്ലാത്ത രീതിയിൽ തീർക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരൻ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒതുക്കി തീർക്കണമെന്നാണോ പറയുന്നത് എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തിൽ.

വിഷയം, കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമ സഭയിലും ഉന്നയിച്ചിരുന്നു. പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൽ സർക്കാറിന് എതിരെ വലിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയർത്തിയത്. മന്ത്രി ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും സഭയിൽ നിലപാട് എടുത്തതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.