തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്റെ അന്വേഷണ റിപ്പോർട്ട്.

പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഡിഐജി സഞ്ചയ് കുമാർ ഗുരുഡിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ മാസം 28നാണ് പരാതി നൽകിയത്.

പത്മാകരനെതിരായ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡിഐജി പറയുന്നു. പരാതിക്കാരി കൃത്യമായ മൊഴിയോ തെളിവോ നൽകിയില്ലെന്നും പരാതിയുടെ നിജസ്ഥിതിയെപ്പറ്റി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവതിയുടെ പരാതി കൈകാര്യം ചെയ്തതിൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് വീഴ്ചയുണ്ടായി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടന്നിട്ടില്ലെന്നും ഡിഐജിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു ക്രിമിനൽ കേസി പ്രതിയായ പരാതിക്കാരയുടെ അച്ഛനെ എൻസിപിയിൽ നിന്നും പുറത്താക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മകാരനായിരുന്നു. ഈ വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്നതും സംശയാസപ്ദമാണെന്നും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഫോൺ സംഭാഷണങ്ങളിലും മന്ത്രിയെന്ന ഇടപെടലിലും ജാഗ്രത വേണമെന്ന് ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് എൻസിപി കർശന മുന്നറിയിപ്പു നൽകി.

മന്ത്രിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പരസ്യപ്പെടുത്തിയെന്നാരോപിച്ച് പരാതിക്കാരിയുടെ പിതാവിനെ ഉൾപ്പടെ 4 പേരെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മന്ത്രിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചനയെന്ന് ആക്ഷേപത്തിന് ബലം കൂട്ടുന്നതാണ് എൻസിപി നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചിട്ടില്ലെന്ന കണ്ടെത്തലോടെയാണ് എൻസിപിയിലെ അച്ചടക്ക നടപടി. ഇതോടെ ശശീന്ദ്രന്് ഫോൺവിളി വിവാദത്തിൽ ക്ലീൻ ചിറ്റ് നൽകുകയാണ് എൻസിപി.

എങ്കിലും ഫോൺ വിളിയിൽ ശശീന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം പാർട്ടി യോഗത്തിലുണ്ടായി. ഭരണകാര്യങ്ങളിൽ ഇടപെടുമ്പോൾ ശശീന്ദ്രൻ ശ്രദ്ധിക്കണമെന്ന് പാർട്ടി നിർദേശിച്ചു. ശശീന്ദ്രനും ഓഫിസിനും ഇനി മുതൽ പാർട്ടിയുടെ കർശന നീരീക്ഷണമുണ്ടാകും.

അതേസമയം ശശീന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ നടന്ന ഗൂഡാലോചയുടെ ഭാഗമാണ് ഫോൺ വിളി വിവാദമെന്ന സൂചനയാണ് പാർട്ടി നൽകുന്നത്. ഇതെപ്പറ്റി പാർട്ടി വിശദമായി അന്വേഷിക്കും.