കോഴിക്കോട്: തമിഴ്‌നാട്ടിൽ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയത് സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ അക്രമം നടത്തി കവർച്ച നടത്തിയത് നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, എലത്തൂർ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ് അറിയിച്ചു.

ഇവരുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകൾ എലത്തൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞദിവസം പാലക്കാട്ട് പിടിയിലായവരെ ഈ കേസുകളിൽ പ്രതിചേർത്തിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തിൽ ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്നും കോടാലി, തൂമ്പാ പോലുള്ളവ വീടിന് പുറത്തുവെക്കാതെ സൂക്ഷിക്കണമെന്നും എ.വി ജോർജ്ജ് പറഞ്ഞു.

അന്നശ്ശേരിയിലാണ് ഇവർ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അസമയത്ത് എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ച് അറിയിച്ച ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും കമ്മീഷണർ അറിയിച്ചു.

കുറുവ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാൽ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാൽപതോളം സംഘങ്ങളെ നഗരത്തിൽ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.അടിയന്തര ഘട്ടങ്ങളിൽ പൊലീസ് കൺട്രോൾ റൂമിലെ 04952721697 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ്ക്ക് ഇറങ്ങുക.

നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും ഇവർ ശ്രമിച്ചേക്കുമെന്നും പൊലീസ് പറയുന്നു. കവർച്ചയ്ക്ക് ശേഷം തിരുനേൽവേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്ക് കടക്കുന്നതാണ് കുറവ സംഘത്തിന്റെ രീതി.

രാത്രികളിൽ വീട് അക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ സംഘത്തിന്റെ രീതി. വാതിൽ അടിച്ച് തകർത്ത് വീടുകളിൽ അത്രിക്രമിച്ച് കയറുന്ന കുറുവ സംഘം വീട്ടുകാരെ ക്രൂരമായി അക്രമിക്കാനും മടിക്കാറില്ല.

കഴിഞ്ഞദിവസം പാലക്കാട്ട് നിന്ന് പ്രത്യേക അന്വേഷണ സംഘം കുറുവ സംഘത്തിൽപ്പെട്ട മൂന്നു പേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.കുറുവസംഘത്തിൽപ്പെട്ടവർക്ക് കോഴിക്കോട് എലത്തൂരിൽ നടന്ന രണ്ടു കവർച്ചാകേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ശിവഗംഗ തിരുപ്പുവനം വണ്ടാനഗറിൽ മാരിമുത്തു എന്ന അയ്യാർ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേൽ മേത്തൽ പാണ്ഡ്യൻ എന്ന തങ്കപാണ്ഡ്യൻ (47), തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ടേശ്വരി നഗറിൽ പാണ്ഡ്യൻ എന്ന ശെൽവി പാണ്ഡ്യൻ (40) എന്നിവരാണ് പിടിയിലായത്.

ഓഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുന്നേകാൽ പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഒക്ടോബർ രണ്ടിന് വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്തും മോഷണശ്രമം നടത്തിയിരുന്നു. ഈ ഭാഗത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബർ അഞ്ച്, ഏഴ് തീയതികളിൽ കൊല്ലങ്കോട്ടും മോഷണശ്രമം നടത്തിയിരുന്നു. സംഘത്തെ പിടികൂടാൻ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.

ഒരു സംഘം തമിഴ്‌നാട്ടിലെ കമ്പം, തേനി കേന്ദ്രീകരിച്ചും മറ്റൊരു സംഘം ആനമല, മധുര, നാമക്കൽ, തഞ്ചാവൂർ കേന്ദ്രീകരിച്ചും മൂന്നാമത്തെ സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. മാരിമുത്തു, പാണ്ഡ്യൻ എന്നിവരെ ആനമലയിൽനിന്നും തങ്കപാണ്ഡ്യനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.