- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടിയിൽ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല; ഒന്ന് തീരുമാനിച്ചാൽ അതിൽ ഉറച്ചുനിൽക്കും; കേരള കോൺഗ്രസ് എമ്മിന് സീറ്റ് കൊടുത്തതിലുള്ള പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉറച്ച് സിപിഎം; 14 ന് കുറ്റ്യാടിയിൽ ശക്തിപ്രകടനവും വിശദീകരണ യോഗവും; തൊട്ടടുത്ത മൂന്നുമണ്ഡലങ്ങളെ പ്രശ്‌നം ബാധിക്കില്ലെന്നും വിലയിരുത്തൽ; പാര വരുമോയെന്ന ആശങ്കയിൽ ജോസ് വിഭാഗവും
കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും വരെ വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകരുടെ പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും കുറ്റ്യാടിയിൽ തീരുമാനത്തിന് മാറ്റം വേണ്ടെന്ന് സിപിഎം. സീറ്റിൽ കേരള കോൺഗ്രസ് എം ജോസ് വിഭാഗം തന്നെ മത്സരിക്കും.പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് സി പി എം. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയോഗത്തിലാണ് തീരുമാനമുണ്ടായത്. എളമരം കരീമും പി മോഹനനും യോഗത്തിൽ പങ്കെടുത്തു. ജോസ് കെ മാണി വിഭാഗം തന്നെ കുറ്റ്യാടിയിൽ മത്സരിക്കട്ടെ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇതുസംബന്ധിച്ച് ഞായറാഴ്ച കുറ്റ്യാടിയിൽ വിശദീകരണ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരുന്നു. തീരുമാനത്തിനെതിരെ അവർ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരുടെ സഹായമില്ലാതെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ്് കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ആശങ്കപ്പെടുന്നത്.
കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധമെങ്കിലും ഇതേ കെ.പി കുഞ്ഞമ്മദ് കുട്ടിയെ തന്നെ യോഗത്തിൽ പങ്കെടുപ്പിച്ചുകൊണ്ടാണ് മുന്നണി തീരുമാനവുമായി മുന്നോട്ട് പോവുന്നത്. കുറ്റ്യാടിയിലെ പ്രശ്‌നം തൊട്ടടുത്ത് നിൽക്കുന്ന മറ്റ് മണ്ഡലമായ നാദാപുരം, വടകര, പേരാമ്പ്ര എന്നിവിടങ്ങളെയൊന്നും ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. വടകര ഏരിയ കമ്മിറ്റി യോഗവും ഇന്ന് നടക്കുന്നുണ്ട്. ഇവിടേയും എളമരം കരീം നിരീക്ഷകനായി പങ്കെടുക്കുന്നുണ്ട്. പി.മോഹനനും യോഗത്തിലുണ്ട്. സമാനമായ തീരുമാനമായിരിക്കും വടകര ഏരിയ കമ്മിറ്റി യോഗത്തിലും ഉണ്ടാകുക എന്നാണ് വിവരം.
സി പി എം പ്രവർത്തകരുടെ വികാരം പരിഗണിക്കാതെ സ്ഥാനാർത്ഥിയെ നിറുത്തിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കേരളകോൺഗ്രസ് പ്രാദേശിക നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഹമ്മദ് ഇക്‌ബാൽ പറയുന്നത്. കുറ്റ്യാടിയിൽ സ്ഥാനാർത്ഥി നിർണയം സി പി എമ്മുമായി ആലോചിച്ച് പിന്നീട് നടത്തുമെന്നാണ് ജോസ് കെ മാണി ഇന്ന് രാവിലെ പറഞ്ഞത്.സീറ്റ് തിരികെ ചോദിക്കേണ്ടെന്നും കാര്യങ്ങൾ മനസിലാക്കി ജോസ് കെ മാണി സീറ്റ് തിരികെ തന്നാൽ ഏറ്റെടുക്കാമെന്നുമാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. കുറ്റ്യാടി വിട്ടുതരികയാണെങ്കിൽ പകരം തിരുവമ്പാടി സീറ്റ് വിട്ടുനൽകില്ലെന്നും സി പി എം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ