കുവൈറ്റ്: കുവൈറ്റിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് കടൽകാക്കകളെ (Sea Crows) വേട്ടയാടിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. നിരോധിത മാർഗങ്ങൾ ഉപയോഗിച്ച് 17 കടൽകാക്കകളെ പിടികൂടിയതിനാണ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയും (EPA) എൻവയോൺമെന്റൽ പോലീസും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്.

കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പക്ഷികളുടെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള നിയമവിരുദ്ധ മാർഗങ്ങളാണ് വേട്ടയ്ക്കായി ഉപയോഗിച്ചതെന്ന് അധികൃതർ കണ്ടെത്തി. പിടിയിലായവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത 17 കടൽകാക്കകളെയും മൃഗഡോക്ടർമാർ വിശദമായി പരിശോധിച്ചു. അവയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം 'സയന്റിഫിക് സെന്ററുമായി' ചേർന്ന് പക്ഷികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരികെ വിട്ടു. വന്യജീവികളെയും പക്ഷികളെയും വേട്ടയാടുന്നത് കുവൈത്തിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.