കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് വിദ്യാഭ്യാസ മന്ത്രാലയം തടഞ്ഞു. 2018-ലെ 10-ാം നമ്പർ മന്ത്രിതല ഉത്തരവിലെ നിബന്ധനകൾ തുടരാനാണ് പുതിയ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട് 2020-ലെ 61-ാം നമ്പർ മന്ത്രിതല ഉത്തരവിലെ വ്യവസ്ഥകളും 2025-2026 അധ്യയന വർഷത്തേക്ക് നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഈ നീക്കം, രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസകാര്യ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറിക്ക് അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, ഫീസ് നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്ഥിരത നിലനിർത്താനും വിദ്യാഭ്യാസ പ്രക്രിയയിൽ നീതിയും സ്ഥിരതയും ഉറപ്പാക്കാനും ഫീസ് നിയന്ത്രിക്കുന്നത് അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു.