കുവൈറ്റ്: കുവൈറ്റിലെ മംഗഫ് പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് സൂക്ഷിച്ച ഏഷ്യൻ പൗരനെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഇയാളിൽ നിന്ന് ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനും കണ്ടെടുത്തു. കൂടാതെ, മയക്കുമരുന്ന് തൂക്കാനും തയ്യാറാക്കാനും ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും അധികൃതർ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1,70,000 കുവൈത്ത് ദിനാർ (ഏകദേശം 45 കോടി രൂപ) വിപണി മൂല്യമുണ്ടെന്ന് കണക്കാക്കുന്നു.

വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് അത്യാധുനിക രീതികളുപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ, മയക്കുമരുന്ന് കൈമാറ്റത്തിനുള്ള ഇടനിലക്കാരെ കണ്ടെത്താൻ ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷൻ ഷെയറിംഗ് സംവിധാനം ഇയാൾ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനെയും വിതരണം ചെയ്യുന്നതിനെയും കുറിച്ച് ലഭിക്കുന്ന വിവരങ്ങളെല്ലാം അതീവ ഗൗരവത്തോടെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നത്.