കുവൈറ്റ്: കുവൈറ്റിൽ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. മയക്കുമരുന്ന് കടത്ത് തടയുന്നതിനായുള്ള രാജ്യത്തിന്റെ കർശന നടപടികൾക്കിടെയാണ് ഈ സുപ്രധാന വിധി.

കൗൺസിലർ ഖാലിദ് അൽ-തഹൗസിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് രണ്ട് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ വിധിച്ചത്. കെയ്ഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ നിന്നാണ് പ്രതികളെ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് പുറമെ രണ്ട് ഇലക്ട്രോണിക് സ്കെയിലുകളും കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ശൃംഖലകളെ ചെറുക്കുന്നതിനും അവയുടെ ഉറവിടങ്ങൾ തകർക്കുന്നതിനുമുള്ള കുവൈത്ത് അധികൃതരുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റും തുടർന്നുള്ള ശിക്ഷാവിധിയും.