- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ഇവരുടെ ലൂപിൽ പെട്ടാൽ സാധാരണ ജീവിതം പിന്നെ സ്വപ്നങ്ങളിൽ മാത്രം; ആരും അറിയാതെ വെളുപ്പിച്ചത് പത്ത് കോടിയിലേറെ ദിനാർ; കുവൈറ്റിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് തട്ടിപ്പിലൂടെ സമ്പാദിച്ച പണം കള്ളപ്പണം വെളുപ്പിക്കലിലൂടെ നിയമവിധേയമാക്കിയ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നേരിട്ട് മേൽനോട്ടം വഹിച്ച ഓപ്പറേഷനിലൂടെയാണ് അതീവ സങ്കീർണ്ണമായ ഈ തട്ടിപ്പ് ശൃംഖലയെ തകർത്തത്. 2023 മുതൽ ഇതുവരെ 100 മില്യൺ കുവൈത്ത് ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഓൺലൈൻ ശൃംഖല വഴി പണം നഷ്ടപ്പെട്ട ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (ഹവല്ലി വിഭാഗം) നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇലക്ട്രോണിക് തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ഉപയോഗിച്ച് കുവൈത്തിലെ കടകളിൽ നിന്ന് വിലകൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതാണ് ഇവരുടെ രീതി. ഇതിനായി തിരിച്ചറിയാൻ കഴിയാത്ത അന്താരാഷ്ട്ര നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണുകൾ ഇടനിലക്കാർ ശേഖരിക്കുകയും പിന്നീട് മറിച്ചുവിറ്റ് പണമാക്കുകയും ചെയ്യുന്നു. ഫോൺ വിറ്റു കിട്ടുന്ന പണം പല കൈമറിഞ്ഞ് ഒടുവിൽ പ്രതികളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെത്തിച്ച് നിയമസാധുത നൽകാനാണ് ഉപയോഗിച്ചത്. തട്ടിയെടുത്ത പണത്തിന് നിയമസാധുത നൽകാൻ വേണ്ടി മാത്രം നിർമ്മിച്ച വ്യാജ കമ്പനികളാണ് ഇവയെന്ന് അധികൃതർ കണ്ടെത്തി.
സംഘത്തിലെ ഒൻപത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യംവിട്ട ഒരു പ്രതിയെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് ജോർദാനിൽനിന്ന് തിരിച്ചെത്തിക്കുകയും ചെയ്തു. പ്രതികളിലൊരാളുടെ കൈവശം ഉണ്ടായിരുന്ന 108,000 ദിനാറും ഒൻപത് മൊബൈൽ ഫോണുകളും അധികൃതർ പിടിച്ചെടുത്തു. ബാങ്കിംഗ് നിയമലംഘനം നടത്തിയ ഒരു മണി കളക്ഷൻ സ്ഥാപനത്തിനെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ മന്ത്രാലയം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ശൈഖ് ഫഹദ് അൽ-സബാഹ് വ്യക്തമാക്കി.
പിടികൂടിയ സംഘത്തിന് വിദേശ രാജ്യങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിനും അനധികൃത പണമിടപാടുകൾക്കും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുവൈത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുയർത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.


