കുവൈറ്റ്: കുവൈറ്റിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഫെബ്രുവരി 2 മുതൽ 8 വരെ നടത്തിയ തീവ്ര പരിശോധനയിൽ 27,300 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കേസുകളിൽ വാറന്റ് നിലവിലുള്ളവരും ജോലിക്ക് ഹാജരാകാതെ മാറിനിന്നവരുമുൾപ്പെടെ 50 പേരെ ഈ പരിശോധനയിൽ കസ്റ്റഡിയിലെടുത്തു.

രാജ്യത്തെ പ്രധാന പാതകളെല്ലാം കേന്ദ്രീകരിച്ചായിരുന്നു ഒരാഴ്ച നീണ്ടുനിന്ന ഈ മിന്നൽ പരിശോധനകൾ. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 207 ലംഘിച്ചതിന് 404 കാറുകളും 64 മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ട്രാഫിക് നിയമലംഘകർക്ക് പുറമെ, താമസരേഖ കാലാവധി കഴിഞ്ഞ 39 പേരെയും സുരക്ഷാ സേന പിടികൂടി. കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടേണ്ട 33 വാഹനങ്ങളും ഇതേ കാലയളവിൽ കണ്ടെത്തി.

പരിശോധന നടന്ന ഒരാഴ്ചയ്ക്കിടെ 2,781 ട്രാഫിക് പരാതികളാണ് പട്രോളിംഗ് വിഭാഗം കൈകാര്യം ചെയ്തത്. ഇതിൽ 223 എണ്ണം പരിക്കുകളോടെയുള്ള വാഹനാപകടങ്ങളും 1,116 എണ്ണം സാധാരണ വാഹനാപകടങ്ങളുമായിരുന്നു. തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത ഒരാളെയും അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ മറ്റൊരു വ്യക്തിയെയും കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.