കുവൈത്ത് സിറ്റി: വ്യാജ ബ്രാൻഡുകൾ വിറ്റഴിച്ച കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിലെ ഒരു സ്റ്റാൾ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അവധി ദിവസങ്ങളിലും പരിശോധന കർശനമാക്കാനുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി.

പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിനെത്തുടർന്നാണ് അധികൃതർ സ്റ്റാൾ പൂട്ടിച്ചത്. റായ് സെന്റർ മേധാവി ഫരാജ് അൽ-മുതൈരിയുടെയും ഇൻസ്പെക്ടർ അലി അൽ-ഒവൈഹാന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എണ്ണൂറോളം വ്യാജ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയിൽ സ്ത്രീകളുടെ ബാഗുകൾ, ചെരിപ്പുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര വസ്തുക്കളാണ് ഭൂരിഭാഗവും.

ഉപഭോക്താക്കളെ കബളിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെയും വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതായും തുടർനടപടികൾക്കായി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുമെന്നും ഫൈസൽ അൽ-അൻസാരി അറിയിച്ചു.