കുവൈറ്റ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിൽ സമഗ്രമായ സുരക്ഷാ, സേവന പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. പൊതുഇടങ്ങളിൽ നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മാർക്കറ്റുകളിലും പള്ളികൾക്ക് സമീപവുമുള്ള നിരീക്ഷണ ക്യാമറകൾ തെളിവായി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വാണിജ്യ വിപണികളിലും പള്ളികൾക്ക് സമീപവുമുള്ള ആത്മീയ അന്തരീക്ഷം ചൂഷണം ചെയ്യുന്ന യാചകരെ ലക്ഷ്യമിട്ടുള്ള പരിശോധനകളും പദ്ധതിയുടെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്. 1968 ലെ 44-ാം നമ്പർ നിയമം അനുസരിച്ചാണ് പരസ്യമായി നോമ്പ് തുറക്കുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നത്. വിശുദ്ധ മാസത്തിലെ മതപരമായ ആചാരങ്ങൾക്കും പൊതുസമാധാനത്തിനും ഭംഗം വരുത്തുന്ന പ്രവണതകളെ കർശനമായി നേരിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.