- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
'നിങ്ങൾ ധൈര്യമായി..പോയിട്ട് വാ..'; നല്ല വിശ്വസ്തനായ സെക്യൂരിറ്റിയെന്ന് വിചാരിച്ച് ഫ്ലാറ്റ് വൃത്തിയാക്കാൻ ഏൽപ്പിച്ചു; തിരികെ വന്നപ്പോൾ ലോക്കറിലെ കാഴ്ചയിൽ ഞെട്ടൽ

കുവൈറ്റ്: ഫ്ലാറ്റ് വൃത്തിയാക്കാൻ ഉടമ വിശ്വസിച്ച് ഏൽപ്പിച്ച താക്കോൽ ഉപയോഗിച്ച് സ്വർണാഭരണങ്ങൾ കവർന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലി ഗവർണറേറ്റിൽ നടന്ന സംഭവത്തിൽ ഏകദേശം 750 കുവൈത്തി ദിനാർ (രണ്ട് ലക്ഷം ഇന്ത്യൻ രൂപയോളം) വിലമതിക്കുന്ന സ്വർണമാണ് അറബ് വംശജനായ ഇയാൾ മോഷ്ടിച്ചത്.
ഒരു കുവൈത്ത് പൗരൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി ഉടമ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് തിരികെയെത്തിയപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലും അതിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തുകയായിരുന്നു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ വിശദമായ അന്വേഷണത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണം ഒരു സുഹൃത്തിന് വിറ്റതായും പ്രതി മൊഴി നൽകി. എന്നാൽ സ്വർണം വാങ്ങിയ സുഹൃത്തിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. പ്രതി പിടിയിലായ വിവരം അറിഞ്ഞ് സുഹൃത്ത് ഒളിവിൽ പോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ്.


