കണ്ണൂർ: ജില്ലയിൽ കലാപകാലം അടുക്കുകയാണ്. ഈ മാസം ഒടുവിലും ഡിസംബറിലും കണ്ണൂരിന്റെ ചരിത്രത്തിൽ കലാപങ്ങൾക്ക് തുടക്കമിടുന്ന കാലമാണ്. അതിന്റെ ചില സൂചനകൾ തലശ്ശേരിയിൽ കണ്ടു തുടങ്ങി. സിപിഎം. ബിജെപി. സംഘർഷം നിലനിൽക്കുന്ന എരഞ്ഞോളിയിൽ നിന്നുമാണ് ഈ സീസണിലെ അക്രമവാർത്ത ആദ്യമായി പുറത്തെത്തിയത്. കൊടിമരം തകർക്കപ്പെട്ട സംഭവത്തോടെ ഒരു വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ച് അക്രമിച്ച സംഭവം നാടിനെ നടുക്കിയിട്ടുണ്ട്.

അതിന്റെ തുടർച്ചെയന്നോണം ഒരു യുവാവും അക്രമിക്കപ്പെട്ടു. തലശ്ശേരിയിലും പാനൂരിലും തുടങ്ങുന്ന അക്രമങ്ങൾ ജില്ലയുടെ ഉറക്കം കെടുത്താറാണ് പതിവ്. ഈ മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം ഇരിട്ടി പുഴയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തിയതും വരാനിരിക്കുന്ന അക്രമങ്ങളുടെ സൂചനയായാണ് കാണുന്നത്. കാവുകളിൽ ഗ്രാമദൈവങ്ങൾ ഉറഞ്ഞ് തുള്ളുന്ന കാലം കൂടിയാണിത്. കുടുംബസമേതവും യുവാക്കൾ കൂട്ടായും കാവുകളിലേക്ക് പ്രവഹിക്കും. എതിരാളികൾ തമ്മിൽ കണ്ടാൽ കുടിപ്പകകൾ തീർക്കാനുള്ള അവസരമാക്കുകയും ചെയ്യും. അതനുസരിച്ചുള്ള പൊലീസ് കരുതൽ ജില്ലയിൽ അനിവാര്യമായിരിക്കയാണ്. ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ രാഷ്ട്രീയ പാർട്ടികൾ സ്വാഭാവികമായും കരുതിയിട്ടുണ്ടാകും.

എന്നാൽ ഇത്തവണ കണ്ണൂർ പതിവിലേറെ ഭയപ്പെടേണ്ട കാലമാണ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലക്ക് 317 പൊലീസുകാർ കണ്ണൂർ വിട്ടിരിക്കയാണ്. ജില്ലാ പൊലീസ് ചീഫും ഒരു ഡി.വൈ. എസ്. പി.യും 17 മുതിർന്ന ഓഫീസർമാരും ലോക്കൽ പൊലീസുകാരും ഉൾപ്പെടെയാണ് ശബരിമലക്ക് പോയത്. ജില്ലയിലെ അക്രമികളെ ഒരു പരിധിവരെ നിലക്കു നിർത്താൻ കഴിയുന്ന ഉദ്യോഗസ്ഥരടക്കമാണ് പോയിട്ടുള്ളത്. അക്രമികളുടെ താവളങ്ങളും മറ്റും അറിയാവുന്ന ലോക്കൽ പൊലീസുകാരും ഈ സംഘത്തിലുണ്ട്. ഇങ്ങിനെയുള്ളവർ ജില്ലയിലില്ലാത്തത് ആശങ്കകൾ പടർത്തുന്നു. അക്രമകാലത്തെ പൊലീസിന്റെ അഭാവം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കണ്ണൂരിലെ സാഹചര്യം എങ്ങിനെയെന്ന് വിലയിരുത്താനാവില്ല.

ഈ മാസം 30 വരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതെങ്കിലും ശബരിമലയിലെ മാറിമറയുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മണ്ഡലകാലം വരെ ഇവർ അവിടെ തുടരുമെന്നാണ് സൂചന. അല്ലെങ്കിൽ കണ്ണൂരിൽ നിന്നുതന്നെ മറ്റൊരു ബാച്ചിനെ നിയമിക്കും. എന്തുതന്നെ ആയാലും കണ്ണൂരിൽ പൊലീസുകാരുടെ വലിയ കുറവ് ഉണ്ടാകും. ഏതെങ്കിലും പ്രശ്‌ന സാഹചര്യമുണ്ടായാൽ മറ്റു ജില്ലകളിൽ നിന്ന് എത്തിക്കാമെന്ന് കരുതിയാലും നടക്കില്ല. മിക്ക ജില്ലകളിൽ നിന്നും കൂടുതൽ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പാലക്കാട് നിന്നും 217, തൃശൂർ -316, അടൂർ -259, ഇടുക്കി -214, വനിതാ ബറ്റാലിയൻ -220 , മലപ്പുറം എം.എസ്‌പി ക്യാമ്പിൽ നിന്ന് 194 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 15 ദിവസത്തേക്ക് മിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഡിവൈ.എസ്‌പി. , എസ്‌ഐ, സിഐ, ഹെഡ് കോൺസ്റ്റബിൾ, സിവിൽ പൊലീസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ചുമതല മലപ്പുറം എം.എസ്‌പി കമാണ്ടന്റിനാണ് നൽകിയിരിക്കുന്നത്. ആർ.എസ്.എസ് നേതാവായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ഡിസംബർ ഒന്നിനാണ്. അന്ന് കനത്ത സുരക്ഷതന്നെ കണ്ണൂരിൽ അനിവാര്യമാണ്. ഈ ഒരു ദിനം എങ്ങനെ സംഘർഷരഹിതമാക്കാം കഴിയുമെന്ന ആധി പൊലീസുകാർക്കിടയിലുണ്ട്. കൊലപാതകരാഷ്ട്രീയത്തിന്റെ പേരിൽ ബിജെപിയും സിപിഎമ്മും പരസ്പരം പ്രതിക്കൂട്ടിൽ കയറ്റുന്ന സാഹചര്യമുണ്ടായതോടെ കൊല്ലാക്കൊലകളായിരുന്നു കഴിഞ്ഞ നാളുകളിൽ കണ്ണൂരിന്റെ രീതി.

എതിരാളികളെ അൽപപ്രാണൻ ബാക്കിയാക്കി മരിച്ചു ജീവിക്കാനനുവദിക്കുന്ന തരത്തിലുള്ള കുടിപ്പകയുടെ അക്രമണ രീതിയിയാരുന്നു ഇത്. എതിരാളികളെ അടിച്ച് മൃതപ്രായമാക്കുന്ന പഴയ രീതി മുൻപും കൊലപാതക രാഷ്ട്രീയത്തിനെതിരേ നടപടികളും പ്രചരണങ്ങളും ശക്തമായിരുന്ന ഘട്ടങ്ങളിൽ കണ്ണൂർ രാഷ്ട്രീയം പരീക്ഷിച്ചിരുന്നു. ഇത് ഇപ്പോഴും നടക്കുന്നു. മുമ്പത്തേക്കൾ കുറവുണ്ടെന്നു മാത്രം. കഴിഞ്ഞ വർഷങ്ങളിൽ അ്രകമ സംഭവങ്ങളിൽ കുറവാണ് കണക്കുകൾ സൂചിപ്പിക്കുന്നതെങ്കിലും കണ്ണൂർ എപ്പോൾ വേണമെങ്കിലും മാറിയേക്കാം. 2016നെ അപേക്ഷിച്ച് 2017ൽ കണ്ണൂരില അക്രമ സംഭവങ്ങൾ കുറവായിരുന്നു. 2016ൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 582 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2017ൽ അത് 483 ആയി കുറഞ്ഞിരുന്നു. 2016ൽ 363 ആൾക്ക് പരുക്കുപറ്റി 17ൽ അത് 298 പേരായി കുറഞ്ഞു. കഴിഞ്ഞ വർഷം 429 കേസുകളിലായി 1546 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.