- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ പൊട്ടിക്കരഞ്ഞു; ഇന്ന് ആനന്ദക്കണ്ണീർ; പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയെ കണ്ണീരണിയിച്ച യുവതിക്ക് സർക്കാരിന്റെ നിയമന ഉത്തരവ്; തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡി ഇനി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി ഒടുവിൽ നിയമന ഉത്തരവെത്തി. തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡിക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായാണ് ഉത്തരവ് ലഭിച്ചത്. സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ജോലി കിട്ടിയാലാണ് കൂടുതൽ സന്തോഷമെന്ന് ഡെൻസി പ്രതികരിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ മലയാളികൾ ഇന്നും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെൻസി. റാങ്ക് ലിസ്റ്റിൽ 497 സ്ഥാനത്തുണ്ടായിരുന്ന ഡെൻസിക്ക് കഴിഞ്ഞ ദിവസമാണ് നിയമന ഉത്തരവ് ലഭിച്ചത്. നാലുമാസം ഗർഭിണിയായതുകൊണ്ട് പ്രത്യേക അപേക്ഷപ്രകാരം ഏറ്റവും അടുത്തുള്ള തലപ്പിള്ളി താലൂക്കിൽ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡെൻസിയും കുടുംബവും
'ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമ്മീഷനിലാണ് നിയമനം. അപ്പോയ്ന്മെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയൂ,' എന്നും ഡെൻസി ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
അടുത്തുള്ള സ്ഥലത്തേയ്ക്ക് നിയമനം ലഭിക്കുവാൻ സമരസമിതിയുടെ സഹായം ലഭിച്ചുവെന്ന് ഡെൻസി പറയുന്നു. നിയമന ഉത്തരവ് ലഭിച്ച ഉടൻ ഭർത്താവ് റിതുരാജ് എടുത്ത് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും വൈറലായി.
ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ ഡെൻസിക്ക് ആശങ്കയുണ്ട്.
സമരത്തിന്റെ ഭാഗമായി ചിലർ മണ്ണെണ്ണ ദേഹത്ത് ഒഴിക്കാൻ തുടങ്ങിയപ്പോൾ ലയ രാജേഷ് അവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചശേഷം മാറിനിൽക്കുമ്പോഴാണ് ലയ ചേച്ചിയുടെ അടുത്തെത്തിയത്. ഞങ്ങൾ രണ്ടുപേരും വിഷമം സഹിക്കവയ്യാതെയാണ് അന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്- ഡെൻസി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ