പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തിൽക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പള്ളിയോട സംഘം നൽകിയ പരാതിയിലാണ് നടപടി.

തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇവരുടെ സഹായി പത്തനംതിട്ട പുലിയൂർ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു.

വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തിൽ കയറാൻ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നും ആചാരമുണ്ട്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. എന്നാൽ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയത്.

സംഘത്തിന്റെ പരാതിയിൽ തിരുവല്ല പൊലീസ് നേരത്തേ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിൽ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവർക്കെതിരെ പള്ളിയോടം ഭരവാഹികൾ പരാതി നൽകിയത്. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമായതും.

എന്നാൽ പള്ളിയോടത്തിൽ ഷൂസിട്ട് കയറാൻ പാടില്ലെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തിൽ കരക്കാർക്കും വിശ്വാസികൾക്കുമുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസിലായതിനെ തുടർന്ന് നവ മാധ്യമങ്ങളിൽ നിന്ന് പള്ളിയോടത്തിൽ നിൽക്കുന്ന ഫോട്ടോ ഇവർ ഒഴിവാക്കിയിരുന്നു.

വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തിൽ കയറുന്നത്. സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. എന്നാൽ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയത്. പള്ളിയോടങ്ങൾ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേർന്ന് പള്ളിയോടപ്പുരകളിലാണ് ഇവിടെപോലും പാദരക്ഷകൾ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാൻ പാടില്ലെന്നാണ് രീതി.

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ എന്നീ ആചാരപരമായ കാര്യങ്ങൾക്ക് മാത്രമാണ് പള്ളിയോടങ്ങൾ നീറ്റിലിറക്കുന്നത്. ആചാരപരമായ ചടങ്ങുകൾക്കു ശേഷമാണ് പള്ളിയോടങ്ങൾ മാലിപ്പുരകളിൽ സൂക്ഷിക്കുന്നത്. ഭക്തർ പവിത്രതയോടെ കാണുന്ന പള്ളിയോടത്തിൽ യുവതി ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളിൽ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

കേവലം തടിയിൽ നിർമ്മിച്ച ജലയാനം എന്നതിൽ ഉപരി പവിത്രമായ സങ്കൽപ്പത്തിലാണ് പള്ളിയോടങ്ങളെ വിശ്വാസികൾ കാണുന്നത്. പാർഥസാരഥിയുടെ ഭക്തിയിൽ നിർമ്മിക്കപ്പെട്ട ഓരോ വള്ളത്തിലും ഭഗവാൻ പള്ളികൊള്ളുന്നു എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് കാഴ്ചയിൽ ചുണ്ടൻവള്ളം പോലെയെങ്കിലും അവയെ പള്ളിയോടം എന്ന് വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നോ അതേ നിഷ്ടയോടെ പള്ളിയോടത്തിലും പ്രവേശിക്കണം എന്നതാണ് ആചാരം.

അതുകൊണ്ട് തന്നെ ഭഗവൽ സങ്കൽപ്പത്തിൽ പാർഥസാരഥി ക്ഷേത്രത്തിൽ പൂജിച്ച മാല വള്ളത്തിൽ ചാർത്തി അമരച്ചാർത്തും ബാണക്കൊടിയും ഉയർത്തിയാൽ പിന്നെ വെള്ളമുണ്ടും തലയിൽക്കെട്ടിയ തോർത്തും മാത്രമാണ് പള്ളിയോടത്തിൽ കയറുന്നവരുടെ വേഷം. സാധാരണ സാഹചര്യങ്ങളിൽ പള്ളിയോടം സൂക്ഷിച്ചിരിക്കുന്ന പള്ളിയോടപ്പുരയിലോ അമരച്ചാർത്തില്ലാതെ നദിയിൽ കെട്ടിയിട്ടിരിക്കുമ്പോഴോ പള്ളിയോടത്തിൽ ആരും ചെരുപ്പിട്ട് കയറാറില്ല.