- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴി ഭൂമാഫിയ കയ്യേറി; അനധികൃതമായി വഴി ഉപയോഗിക്കുന്നത് പ്രാദേശിക സിപിഎം നേതാക്കളുടെയും നഗരസഭയുടെയും അനുവാദത്തോടെ; കോളനിയിലേക്കുള്ള ഗേറ്റ് തകർത്തുകൊടിനാട്ടി സിപിഎമ്മിന്റെ ഗുണ്ടായിസം; വിശ്രമ ജീവിതം നയിക്കുന്ന തങ്ങൾക്ക് രാഷ്ട്രീയക്കാരോട് പൊരുതി നിൽക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ
മാനന്തവാടി: മാനന്തവാടി ജില്ല ആശുപത്രിക്ക് സമീപത്തെ ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴി ഭൂമാഫിയ കയ്യേറി ഉപയോഗിക്കുന്നതായി പരാതി. അനധികൃതമായി വഴി ഉപയോഗിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മാനന്തവാടി നഗരസഭയുടെയും പിന്തുണയുണ്ടെന്നും ഡോക്ടേർസ് കോളനിയിലെ താമസക്കാരായ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. മാനന്തവാടി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയ ഘട്ടത്തിൽ വയനാട്ടിലെത്തിയ ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ 1996ൽ ഐഎംഎ ഇടപെട്ടാണ് മാനന്തവാടി ജില്ല ആശുപത്രിക്ക് സമീപമായി ജ്യോതി ഹോസ്പിറ്റലിന് എതിർവശത്ത് നേരത്തെ പ്രവർത്തിച്ചിരുന്ന പൊടിമില്ലിന്റെ ഭൂമി വാങ്ങി ഡോക്ടേർസ് കോളനി രൂപീകരിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഏറ്റവും മുതിർന്ന ഡോക്ടർമാരിലൊരാളായ നാരാണയൻ നായരുടെ നേതൃത്വത്തിൽ 19 പ്ലോട്ടുകളായി ഈ ഭൂമി വാങ്ങുകയും പിന്നീട് അത് 19 ഡോക്ടർമാർക്കായി വീതിച്ചു നൽകുകയുമായിരുന്നു. നിലവിൽ ആറ് ഡോക്ടർമാരാണ് ഇവിടെ താമസമുള്ളത്. ചിലർ ഭൂമി വാങ്ങി എന്നല്ലാതെ വീടു വെച്ചില്ല. മറ്റു ചിലർ ഭൂമി മറിച്ചുവിൽക്കുകയും മാനന്തവാടിയിൽ നിന്ന് പോകുകയും ചെയ്തു. ഈ 19 പ്ലോട്ടുകളിലേക്ക് ഇവർ വാങ്ങിയ ഭൂമിയിലൂടെ വഴി 10 അടി വീതിയിൽ വഴി നിർമ്മിക്കുകയും ഭൂമിവാങ്ങിയവർ എല്ലാവരും ചേർന്ന് പണം കണ്ടെത്തി വഴി ഇൻർലോക്ക് കട്ടകൾ പാകുകയും ചെയ്തിട്ടുണ്ട്.
രേഖകൾ പ്രകാരം ഈ വഴി ഈ കോളനിയിലെ ഡോക്ടർമാർക്ക് മാത്രം ഉപയോഗിക്കാനുള്ളതും അവർ സംരക്ഷിക്കേണ്ടതുമാണ്. ഈ വഴിയാണ് ഇപ്പോൾ തൊട്ടടുത്ത ഭൂമിയുടെ ഒരാൾ അനധികൃതമായി ഉപയോഗിക്കുകയും കയ്യേറുകയും ചെയ്തിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ ഭൂമിയിലേക്ക് എല്ലാവിധ വാഹനങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന മറ്റ് രണ്ട് പൊതുവഴികൾ ഉണ്ടായിരിക്കെയാണ് ഡോക്ടേർസ് കോളനിയിലൂടെയുള്ള സ്വകാര്യ വഴി കയ്യേറി ഉപയോഗിക്കുന്നത്. ഇയാൾക്ക് പ്രാദേശിക രാഷ്്ട്രീയ നേതാക്കളുടെയും മാനന്തവാടി നഗരസഭയുടെയും പിന്തുണയുമുണ്ട്.
നേരത്തെ രണ്ട് തവണ ഭൂമി കയ്യേറിയ വ്യക്തി വഴി ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ച് ഡോക്ടർമാരെ സമീപിച്ചിരുന്നു. അന്ന് വഴി ഉപയോഗിക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. ഈ ഉറപ്പ് പ്രകാരം ഡോക്ടേർസ് കോളനിക്കപ്പുറത്തുള്ള ഭൂമിയിലെ നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ സാമഗ്രികളെല്ലാം കോളനിക്കകത്തെ സ്വകാര്യ വഴിയിലൂടെ തന്നെയാണ് കൊണ്ടുപോയത്. എന്നാൽ വഴി സ്ഥിരമായി ഉപയോഗിക്കാനുള്ള അവകാശം രേഖാമൂലം എഴുതി തരണമെന്ന് ഇയാൾ പറഞ്ഞതോടെയാണ് ഡോക്ടർമാർ എതിർപ്പ് അറിയിച്ചത്. കോളനിക്കപ്പുറത്തെ ഭൂമിയിലേക്ക് രണ്ട് പൊതുവഴികൾ വേറെയുണ്ടെന്നും അത് സ്ഥിരമായി ഉപയോഗിച്ചുകൂടെയെന്നും ഡോക്ടർമാർ ചോദിക്കുകയും ചെയ്തു.
എന്നാൽ കോളനിക്കപ്പുറത്ത് ഭൂമിയുള്ള വ്യക്ത അത് അംഗീകരിച്ചില്ല. ഇയാൾ വലിയ വാഹനങ്ങളടക്കം നിരന്തരമായി ഇതേ സ്വകാര്യ വഴിയിലൂടെ കോളനിയിലെ താമസക്കാർക്ക് ശല്യമുണ്ടാവുന്ന രീതിയിൽ കൊണ്ടുപോകൽ സ്ഥിരമായി. ഈ ഘട്ടത്തിൽ ഡോക്ടർമാർ കോടതിയിലും പൊലീസിലും പരാതി നൽകുകയായിരുന്നു. കോടതി വഴി മറ്റാരെങ്കിലും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിട്ടെങ്കിലും മാനന്തവാടി നഗരസഭയുടെയും പ്രാദേശിക സിപിഎം നേതാക്കളുടെയും പിന്തുണയോടെ കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഈ വഴി കയ്യേറുകയായിരുന്നു.
ഇതിനായി കോളനിക്കപ്പുറത്തെ ഭൂമിയിൽ വിധവയായ ദളിത് വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയെയും കുടുംബത്തെയും ഭൂമാഫിയ കൊണ്ടുവന്ന് താമസിപ്പിക്കുകയും അവർക്ക് നഗരസഭ ഇടപെട്ട് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുകയും ചെയ്തു. ഈ സ്ത്രീയെ മുൻനിർത്തിയാണ് ഇപ്പോൾ ഭൂമാഫിയ റോഡ് കയ്യേറിയിരിക്കുന്നത്. മെയിൻ റോഡിൽ നിന്നും ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴിയിലേക്ക് പ്രവേശിക്കുന്ന ഭഗത്ത് ഡോക്ടർമാർ സ്ഥാപിച്ചിരുന്ന ഗേറ്റ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി തകർക്കുകയും ഗേറ്റിന്റെ കാലുകളിൽ കൊടിനാട്ടുകയും ചെയ്തിട്ടുണ്ട്. ഗേറ്റ് നഗരസഭ വന്ന് പൊളിച്ച് കൊണ്ടുപോകയും ചെയ്തിട്ടുണ്ട്.
മാനന്തവാടി ജില്ല ആശുപത്രിയിൽ നിന്നും വിരമിച്ച ഡോക്ടർമാരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. അവരിൽ പലരും വീടുകളിൽ വച്ചാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ഈ വഴിയിലൂടെ ജെസിബിയും ലോറികളും നിരന്തരം പോകുന്നത് അവിടേക്കെത്തുന്ന രോഗികൾക്കും ഇവടുത്തെ താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഡോക്ടർമാർ പറയുന്നു. മാത്രവുമല്ല വലിയ വാഹനങ്ങൾ പ്രവേശിച്ചത് കാരണം റോഡിലെ ഇന്റർലോക്ക് മുഴുവൻ തകുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും നഗരസഭയുടെയും പൊലീസിന്റെയും പിന്തുണ ഭൂമാഫിയക്കാണെന്നും ജോലിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന തങ്ങൾക്ക് അവരോട് പൊരുതി നിൽക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടേർസ് കോളനിയിലെ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.