- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ തട്ടി; രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികള്‍: മൂന്നു പേര്‍ക്കായി തിരച്ചില്‍
തൃശൂര്‍: നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ നാലംഗ സംഘത്തിലെ മൂന്നു പേര്‍ക്കായി തിരച്ചില്‍. ഓടി രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റെങ്കിലും മൂന്നു പേര് കടന്നു കളയുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളാണ് തട്ടിപ്പു നടത്തിയത്. നിധി കിട്ടിയെന്നറിയിച്ച് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ചാണ് നാലു ലക്ഷം രൂപ തട്ടിയെടുത്തത്.
പണവുമായി ഓടുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റെങ്കിലും ഇവര്‍ ഓട്ടോപിടിച്ച് പെരുമ്പാവൂരില്‍ എത്തി. ഇതിലൊരാള്‍ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടര്‍ന്നു പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്തെന്നുമാണു സൂചന. അതേസമയം പണവുമായി മറ്റു മൂന്നു പേരും അവിടെ നിന്നു കടന്നു. തുടര്‍ന്നു കേരളത്തിന് അകത്തും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലിസ്.
നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഞായറാഴ്ചയാണ് സംഭവം. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നല്കിയാല് വന്‍ ലാഭത്തിനു സ്വര്‍ണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.
അങ്ങനെ രണ്ടു മലയാളികളും അസം സ്വദേശിയും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. അസം സ്വദേശി അവിടെ വച്ചാണു കുട്ടാളികളായെ മറ്റു മൂന്നു പേരെ വിളിച്ചു വരുത്തുന്നത്. എന്നാല്‍ അവിടെ വച്ചു സ്വര്‍ണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ആറു പേരും കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുന്‍കൂറായി 4 ലക്ഷം നല്‍കാമെന്നും സ്വര്‍ണം വിറ്റ ശേഷം ബാക്കി തുക നല്‍കാമെന്നും കരാറായി. നാലു ലക്ഷം രൂപ കയ്യില്‍ കിട്ടിയാല്‍ മാത്രമേ നിധിയിലെ സ്വര്‍ണം നല്‍കൂ എന്നും പറഞ്ഞു.
ശേഷം പണം കൈക്കലാക്കി സ്വര്‍ണമാണെന്നു പറഞ്ഞ് പൊതി കൈമാറി. പൊതിയിലുണ്ടായിരുന്ന ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിന്‍ എത്തിയപ്പോഴേക്കും അവര്‍ ഇരുളില്‍ മറഞ്ഞു. തുടര്‍ന്നാണു രാജേഷ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.