കൊച്ചി: അമീബിക് മസ്തിഷ്‌ക ജ്വരത്തെ പൊരുതി തോല്‍പ്പിച്ച് 12കാരന്‍ ജീവിതത്തിലേക്ക് മടങ്ങി. രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി മുഹമ്മദ് അജ്സല്‍. രണ്ട് മാസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജ്‌സല്‍ വീട്ടിലെത്തി സ്‌കൂളില്‍ പോകാനും കൂട്ടുകാരെ കാണാനുമുള്ള തിടുക്കത്തിലാണ്. ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുറന്നിട്ട് അജ്‌സലിന് സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല.

തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ സ്വദേശിയായ അജ്‌സല്‍ പനി ബാധയെ തുടര്‍ന്നു ജൂണ്‍ ഒന്നുമുതല്‍ ചികിത്സയിലാണ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു പുതുച്ചേരി ലാബില്‍ നടത്തിയ പരിശോധനയില്‍ 'വെര്‍മമീബ വെര്‍മിഫോര്‍സിസ്' അണുബാധ സ്ഥിരീകരിച്ചത്. ഇതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ജൂണ്‍ 16ന് അമൃതയിലേക്കു മാറ്റി.

ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പു മുറിയിലേക്കു മാറ്റി. ഒരാഴ്ചത്തെ ഫിസിയോതെറപ്പി കൂടി പൂര്‍ത്തിയായതോടെ കാലുകളുടെ ചലനക്ഷമതയും വീണ്ടെടുത്തു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കു നന്ദി സൂചകമായി മധുരം പകര്‍ന്ന് അജ്‌സല്‍ ഇന്നലെ വീട്ടിലേക്കു മടങ്ങി.

ആശുപത്രി കിടക്കയിലും അജ്‌സല്‍ പഠനം മുടക്കിയിരുന്നില്ല. സ്‌കൂളിലെ കൂട്ടുകാര്‍ ഫോണില്‍ അയച്ചുകൊടുക്കുന്ന ഭാഗങ്ങളാണു മൂന്നാഴ്ചയായി ആശുപത്രി കിടക്കയിലിരുന്നു പഠിച്ചിരുന്നത്. അജ്സല്‍ വളരെ വേഗത്തില്‍ ജീവിതത്തിലേക്കു മടങ്ങിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നു മാതാപിതാക്കളായ നൗഫലും അനിഷയും പ്രതികരിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയതു നല്ലതാണെന്ന് അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്‍ പറഞ്ഞു. വെങ്കിടങ്ങ് പാടൂര്‍ വാണീ വിലാസം യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു അജ്സല്‍.