- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരില്‍ 111 വായ്പ്പ എടുത്തവരും 100 കോടി രൂപയും ഇപ്പോഴും കാണാമറയത്ത്! സിപിഎം നടത്തിയ പെരുംകൊള്ളയില് അന്വേഷണമായിട്ട് മൂന്ന് വര്‍ഷം; നീതി അകലെ
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ സിപിഎം നടത്തിയ പകല്‍കൊള്ളക്ക് ബലിയാടാകേണ്ടി വന്നവര്‍ നിരവധിയാണ്. ഇപ്പോഴും നിക്ഷേപകര്‍ക്ക് പണം ലഭിക്കാത്ത അവസ്ഥയുണ്ട്. പാര്‍ട്ടി നേരിട്ടു നടത്തയ ഈ കൊള്ളയില്‍ ഇഡിയുടെ നടപടികള്‍ മാത്രമാണ് അല്‍പ്പം ആശ്വാസം പകരുന്ന കാര്യം. തട്ടിപ്പില്‍ അന്വേഷണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ഇപ്പോഴും ചുരുളഴിയാന്‍ കാര്യങ്ങള്‍ ബാക്കിയാണ്.
കോടികളുടെ തട്ടിപ്പ് നടന്നെന്ന പരാതിയില്‍ പോലീസും വിവിധ ഏജന്‍സികളും അന്വേഷണംതുടങ്ങിയിട്ട് മൂന്നുവര്‍ഷ പിന്നിടുമ്പോള്‍ തട്ടിപ്പിലൂടെ 100 കോടിയിലേറെ കൈക്കലാക്കിയ 111 പേര് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. വ്യാജ മേല്‍വിലാസവും രേഖകളും നല്‍കിയായിരുന്നു തട്ടിപ്പ്. സഹകരണവകുപ്പ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘടിത കൊള്ളയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവം.
ഇതിനുപുറമേ ബാങ്കില്‍നിന്ന് വായ്പയെടുത്തതായി കണ്ടെത്തി നോട്ടീസ് അയച്ച 25 പേര്‍ക്ക് വായ്പയുമായി ബന്ധമില്ലെന്ന തെളിവും ലഭിച്ചിട്ടുണ്ട്. ഇതോടെ വ്യാജരേഖകളിലൂടെയുള്ള തട്ടിപ്പ് നടത്തിയത് 136 വ്യക്തികളുടെ പേരിലാണെന്നും കണ്ടെത്തി. വ്യാജമേല്‍വിലാസം നല്കി വായ്പയെടുത്തവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കും സാധിച്ചിട്ടില്ല.
കുറി, ദീര്‍ഘകാലവായ്പ, സാധാരണവായ്പ, വ്യക്തിഗതവായ്പ, ഓവര്‍ ഡ്രാഫ്റ്റ്, ഹയര്‍ പര്‍ച്ചേഴ്സ് വായ്പ തുടങ്ങിയ ഇനങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഇവയ്ക്കൊന്നും വ്യക്തമായ മേല്‍വിലാസ-തിരിച്ചറിയല്‍ രേഖകളോ കൃത്യമായ ഈടോ നല്‍കിയിരുന്നില്ല. പലതവണ നേരിട്ടും കത്തുമുഖേനയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും 111 പേര് ആരാണെന്ന് കണ്ടെത്താനായില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ സഹകരണവകുപ്പിനെ അറിയിച്ചത്.
അംഗത്വ അപേക്ഷയില്‍ പ്രസിഡന്റിന്റെ ഒപ്പ്, ഭരണസമിതിയംഗത്തിന്റെ ഒപ്പ്, തിരിച്ചറിയല്‍രേഖ, ഈടുനല്കുന്ന വസ്തുവിന്റെ വിവരം, രേഖ, തീയതി എന്നിവകളൊന്നുമില്ലാതെയാണ് വായ്പകളെല്ലാം അനുവദിച്ചതെന്നും സഹകരണവകുപ്പ് കണ്ടെത്തി. ഈ തട്ടിപ്പുകളിലല്ലാം സാക്ഷിയായി ഒപ്പിട്ടത് ബാങ്ക് മാനേജരായിരുന്ന ബിജു കരീമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇ.ഡി. അന്വേഷിക്കുന്ന കേസില്‍ മാപ്പുസാക്ഷിയാണ് ബിജു കരീം. 2021 ജൂലായ് 14-നാണ് കരുവന്നൂര്‍ തട്ടിപ്പില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്.
അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത 98 ഫയലുകള്‍ തിരികെ ലഭിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം പുനരാരംഭിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നുകയാണ്. ഹൈക്കോടതി ഉത്തരവോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിക്കുന്നത്. ണ്ടു വര്‍ഷത്തോളമായി അന്വേഷണം തടസ്സപ്പെട്ടു കിടക്കുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല. ഫയലുകള്‍ തിരികെ ലഭിച്ചാലുടന്‍ അന്വേഷണ സംഘം വീണ്ടും സജീവമാകും. വ്യാജ വായ്പകളുടെ രേഖകള്‍ ഫൊറന്‍സിക് ലാബിലേക്കു പരിശോധനയ്ക്കയയ്ക്കും.
പ്രതികളുടെയും വാദികളുടെയും ഒപ്പുകളടക്കം ശേഖരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായാല്‍ കുറ്റപത്രം തയാറാകും. 2022 ഓഗസ്റ്റില്‍ കരുവന്നൂര്‍ ബാങ്കില്‍ ഇ.ഡി നടത്തിയ റെയ്ഡിലാണു 98 രേഖകള്‍ പിടിച്ചെടുത്തത്. ഇ.ഡി അന്വേഷിക്കുന്നതു കള്ളപ്പണക്കേസ് ആണെന്നും പിടിച്ചെടുത്ത രേഖകള്‍ക്ക് ഇതുമായി ബന്ധമില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഈ ആവശ്യം ഉന്നയിച്ചാണു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജരേഖകള്‍ ചമച്ചു ബാങ്കില്‍ നടത്തിയ വായ്പാത്തട്ടിപ്പുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയാലേ വ്യാജരേഖകളും വ്യാജ ഒപ്പുകളും കണ്ടെത്താന്‍ കഴിയൂവെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. രേഖകള്‍ കൈമാറിയാലും ഇ.ഡിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നും ഇ.ഡി അന്വേഷണത്തിനു സമാന്തരമായല്ല തങ്ങളുടെ അന്വേഷണമെന്ന ക്രൈംബ്രാഞ്ചിന്റെ വാദവും കോടതി അംഗീകരിച്ചെന്നാണു സൂചന.
2 മാസത്തേക്കു രേഖകള്‍ കൈമാറാനുള്ള നിര്‍ദേശമാണു ഹൈക്കോടതി നല്‍കിയതെന്നും സൂചനയുണ്ട്. കോടതിയില്‍ ഇ.ഡി ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ രേഖകളാണു ക്രൈംബ്രാഞ്ചിനു ലഭിക്കുക. രണ്ടാം കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ അടുത്ത ഘട്ടത്തില്‍ ലഭിക്കും. അതേസമയം, ബാങ്ക് തട്ടിപ്പിനു പിന്നില്‍ നടന്ന ഗൂഢാലോചനകള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉള്‍പ്പെട്ടില്ലെന്നതു വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.