തൃശ്ശൂര്‍: രണ്ടു ദിവസം മുന്‍പ് കാണാതായ 71-കാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. മൃതദേഹം കണ്ടെത്തിയ കനാലില്‍ മുട്ടറ്റം വെള്ളം മാത്രമേ ഉള്ളൂവെന്നതും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതുമാണ് സംശയത്തിന് കാരണം.
പുത്തന്‍പീടിക വടക്കുംമുറി പുളിപ്പറമ്പില്‍ പരേതനായ ഷണ്‍മുഖന്റെ ഭാര്യ ഓമന(71)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ആറുമണിയോടെ കണ്ടെത്തിയത്.

വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തിലുള്ള കനാലിലാണ് മൃതദേഹം കണ്ടത്. കാണാതായ സമയം കനാലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ 20നാണ് ഇവരെ കാണാതായത്. ഓമനയെ കാണാതായ ദിവസം രാത്രി എട്ടരയോടെത്തന്നെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന പരാതിയും ബന്ധുക്കള്‍ക്കുണ്ട്.

ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കനാലില്‍ ഉള്‍പ്പെടെ തിരയുകയും ചെയ്തിരുന്നു. ബസില്‍ മറ്റെവിടേക്കെങ്കിലും പോയോ എന്നും അന്വേഷിച്ചിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങള്‍ സംഘടിപ്പിക്കുകയും ഇവ പോലീസിനു നല്‍കുകയും ചെയ്തിരുന്നു. 20-ന് നാലേ മുക്കാലോടെ കാണാതായ ഇവരുടെ ഫോണ്‍ രാത്രി 7.30 വരെ റിങ് ചെയ്തിരുന്നു. ഇതിനു ശേഷം നോട്ട് അവൈലബിള്‍ മെസേജാണ് കിട്ടിക്കൊണ്ടിരുന്നത്.

സിം കാര്‍ഡ് ഊരുമ്പോള്‍ ഇത്തരത്തിലുള്ള മെസേജാണ് വരുന്നത്. അര്‍ബുദബാധിതയായിരുന്ന ഇവര്‍ക്ക് രണ്ടു വര്‍ഷം മുന്‍പാണ് രോഗം മാറിയത്. 200 മീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലേക്കു മാത്രമാണ് ആ സമയത്ത് ഓമന പോകാന്‍ സാധ്യതയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വ്യാഴാഴ്ച ആറുമണിയോടെ കനാല്‍ വഴി വന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കലുങ്കില്‍ തടഞ്ഞുനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍നിന്ന് മാലയും വളയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. കമ്മല്‍ നഷ്ടപ്പെട്ടിട്ടില്ല.

മൃതദേഹം കണ്ടെത്തിയശേഷവും പോലീസില്‍നിന്ന് കാര്യമായ സഹകരണമുണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മക്കള്‍: ശ്രീജിത്ത്, ബിജു, പരേതയായ പ്രീതി. മരുമക്കള്‍: രാജി, സിന്ധു.