- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമുക്കും വേണം സംഘടനയെന്ന് സുരേഷ്, പിന്നാലെ നല്‍കിയത് 25000 രൂപ; ഞാനും ഗണേശനും ചേര്‍ന്നപ്പോള്‍ 45000 ആയി; 'അമ്മ' പിറന്ന കഥയുമായി മണിയന്‍പിളള
തിരുവനന്തപുരം: അമ്മ താരസംഘടനയുടെ പുതിയ ഭാരവാഹികളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് തെരഞ്ഞെടുത്തത്.വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടനയുടെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഇടവേള ബാബു മാറിയത് ഉള്‍പ്പടെയുള്ള കാരണങ്ങള്‍ കൊണ്ട് അമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പതിവിലും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.ഒപ്പം ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതും ചര്‍ച്ചയായി.കഴിഞ്ഞ വര്‍ഷം സംഘടനയുടെ ഒരു മെഡിക്കല്‍ ക്യാമ്പിന് സുരേഷ് ഗോപി എത്തിയിരുന്നെങ്കിലും യോഗത്തിന് എത്തിയത് ഇത്തവണയാണ്.
അതിനാല്‍ തന്നെ അന്നേ ദിവസത്തെ പ്രധാന ആകര്‍ഷണവും കേന്ദ്രമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപി തന്നെയായിരുന്നു.ഇപ്പോഴിത അമ്മയുടെ രൂപീകരണത്തെക്കുറിച്ചും അതില്‍ സുരേഷ് ഗോപി വഹിച്ച പങ്കിനെക്കുറിച്ചും മണിയന്‍പിള്ള രാജു ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.നടനും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കാരണമാണ് അമ്മ സംഘടന രൂപം കൊണ്ടതെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.
ഒരിക്കല്‍ സുരേഷ് ആണ് തന്നോട് വന്ന് പറഞ്ഞത് എല്ലാവര്ക്കും സംഘടനയുണ്ട് നമുക്കും ഒരു സംഘടന വേണം അതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞ ഒരു 25,000 രൂപയും അന്ന് സുരേഷ് നല്‍കിയിരുന്നു തുടര്‍ന്ന് ഗണേശനും ഈ ഒരു ദൗത്യത്തില്‍ പങ്കുകാരായി 10000 രൂപ ഞാനും പതിനായിരം രൂപ ഗണേഷ് കുമാറും ഇട്ടു. അങ്ങനെ 45,000 രൂപയിലാണ് അമ്മ തുടങ്ങുന്നതെന്നും മണിയന് പിളള രാജു ഓര്‍ത്തെടുക്കുന്നു
മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ
'1994ല്‍ സുരേഷ് ഗോപി എന്റടുത്ത് വന്ന്, ബാക്കി എല്ലാവര്ക്കും സംഘടനകളായി, നമുക്ക് മാത്രം ആയിട്ടില്ലെന്ന് പറഞ്ഞു. നമുക്ക് ഒരെണ്ണം ഉണ്ടാക്കിയെടുക്കണം. രാജുചേട്ടന് അതിന് മുന്‍കൈ എടുക്കണമെന്നും പറഞ്ഞു. അന്ന് സുരേഷ് ഗോപി 25,000 രൂപ തന്നു. ഞാനും ഗണേശ് കുമാറും പതിനായിരം രൂപ വച്ച് ഇട്ടു. ഈ പൈസ വച്ച് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളില്‍ വച്ച് ഒരു യോഗം ചേര്‍ന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ 85 പേര് വന്നു.ഒരു സദ്യയൊക്കെ വച്ച് രാവിലെ മുതല്‍ വൈകീട്ട് വരെ യോഗം നടന്നു. അങ്ങനെയാണ് അമ്മ സംഘടന തുടങ്ങുന്നത്.
സംഘടനയുടെ ഒന്നാം നമ്പര്‍ അംഗത്വം സുരേഷ് ഗോപിയും രണ്ടാം അംഗത്വം ഗണേശ് കുമാറും മൂന്നാം അംഗത്വം ഞാനും എടുത്തു. അങ്ങനെ ഞങ്ങള്‍ ഈ സംഭവം തുടങ്ങി. പിന്നാലെ ഒരു ഷോ ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.ഇപ്പോള്‍ നമ്മളെ വിട്ടുപോയ ഗാന്ധിമതി ബാലന് ആ ഷോ ഏറ്റെടുക്കുന്നു.സത്യത്തില്‍ അദ്ദേഹത്തിന് ചിത്രം വെച്ച് പൂജിക്കേണ്ടത് ഒക്കെയാണ്.അദ്ദേഹം മരിച്ചു പോയി അദ്ദേഹത്തിനെ വളരെയധികം നഷ്ടമുണ്ടായതാണ് എങ്കിലും മൂന്നു സ്ഥലങ്ങളിലാണ് നടത്തിയത് തിരുവനന്തപുരം എറണാകുളം കോഴിക്കോട് ഈ മൂന്നു സ്ഥലങ്ങളിലും ഓരോ ദിവസങ്ങളിലായി ആണ് നടത്തിയത്.
പരിപാടിയില്‍ കമലഹാസനും അമിതാബും ഒക്കെ വന്നു.. വലിയ പരിപാടിയായിരുന്നു.അതായിരുന്നു അമ്മയുടെ തുടക്കം എന്ന് പറയുന്നത്.അങ്ങനെ മൂന്ന് സ്ഥലങ്ങളില്‍ ഷോ നടത്തുന്നു. ഈ ഷോ വന്‍ വിജയമായി. അതായിരുന്നു അമ്മയുടെ ആദ്യത്തെ ഫണ്ട്.അന്ന് അമ്മ തുടങ്ങുന്ന സമയത്ത് 110 പേരാണുണ്ടായിരുന്നത്. അങ്ങനെ കൂടിക്കൂടി ഇപ്പോള്‍ 500ല്‍ കൂടുതല്‍ പേരായി. നല്ല കാര്യങ്ങളുമായി അമ്മ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇടവേള ബാബുവും നല്ല സേവനമാണ് കാഴ്ചവച്ചത്.മോഹന്‍ലാല്‍ പ്രസിഡന്റ് ആയതുകൊണ്ട് സംഘടന കൂടുതല്‍ ശക്തിപ്പെടും.ഇനി അങ്ങോട്ട് ഒരുപാട് ഷോകള്‍ വരുന്നുണ്ട്'- മണിയന്‍പിള്ള രാജു പറഞ്ഞു.
മണിയന്‍പിള്ള രാജവിന്റെ വാക്കുകള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ്.നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.സുരേഷ് ഗോപിയാണ് ഈ ഒരു പ്രസ്ഥാനത്തിന് അടിത്തറ ഇട്ടത് എന്നതുകൊണ്ടുതന്നെ ഇത് വലിയ വിജയമായി മാറുക തന്നെ ചെയ്യുമെന്ന് ചിലര്‍ പറയുന്നു.അദ്ദേഹം മനസ്സ് നിറഞ്ഞു തന്നെയാണ് അത്തരമൊരു പ്രസ്ഥാനം ഉണ്ടാവണമെന്ന് ആഗ്രഹിച്ചത് അതുകൊണ്ടാണ് നിങ്ങള്‍ വിജയിച്ചത് എന്ന് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് ഉണ്ട്.