- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെറ്റവയര്‍ കുത്തി നോവിച്ചു; ജനിച്ചപ്പോള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷച്ച ചോരക്കുഞ്ഞിനെ രണ്ടാം വയസ്സില്‍ ഏറ്റുവാങ്ങി അമ്മ
ആലപ്പുഴ: ജനിച്ചപ്പോഴെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കുഞ്ഞിനെ രണ്ടാം വയസ്സില്‍ തിരികെ വാങ്ങി പെറ്റമ്മ. ശിശു പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് യുവതിക്ക് കൈമാറിയത്. ഇനിയവള്‍ മാതൃസ്‌നേഹത്തിന്റെ തണലില്‍ കഴിയും. കുഞ്ഞിനെ കണ്ടയുടന്‍ വാരിപ്പുണര്‍ന്നവര്‍ നെഞ്ചോട് ചേര്‍ത്തു. വിവാഹിതയായ സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു കളഞ്ഞത്. കണ്ണീരും കയ്യുമായി ബാലക്ഷേമസമിതിയില്‍ കയറി ഇറങ്ങിയാണ് ഒടുവില്‍ ഇവര്‍ സ്വന്തം കുഞ്ഞിനെ തിരിച്ചെടുത്തത്. 2022 സെപ്റ്റംബറിലാണ് ആലപ്പുഴ തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ആരാണതിനു […]
ആലപ്പുഴ: ജനിച്ചപ്പോഴെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കുഞ്ഞിനെ രണ്ടാം വയസ്സില്‍ തിരികെ വാങ്ങി പെറ്റമ്മ. ശിശു പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് യുവതിക്ക് കൈമാറിയത്. ഇനിയവള്‍ മാതൃസ്‌നേഹത്തിന്റെ തണലില്‍ കഴിയും. കുഞ്ഞിനെ കണ്ടയുടന്‍ വാരിപ്പുണര്‍ന്നവര്‍ നെഞ്ചോട് ചേര്‍ത്തു. വിവാഹിതയായ സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു കളഞ്ഞത്. കണ്ണീരും കയ്യുമായി ബാലക്ഷേമസമിതിയില്‍ കയറി ഇറങ്ങിയാണ് ഒടുവില്‍ ഇവര്‍ സ്വന്തം കുഞ്ഞിനെ തിരിച്ചെടുത്തത്.
2022 സെപ്റ്റംബറിലാണ് ആലപ്പുഴ തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ആരാണതിനു പിന്നിലെന്ന് ആദ്യം വ്യക്തമായില്ല. അതിന് ഒരുമണിക്കൂര്‍ മുന്‍പ് ഒരു യുവതി രക്തസ്രാവവുമായി ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിലെത്തിയിരുന്നു. അവരുടേതാണ് കുഞ്ഞെന്ന സംശയമുയര്‍ന്നു. രക്തസ്രാവം പ്രസവത്തെ തുടര്‍ന്നാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, യുവതി നിഷേധിച്ചു.
ബാലാവകാശ കമ്മിഷന്‍ പോലീസില്‍ പരാതി നല്‍കി. ഡി.എന്‍.എ. പരിശോധനയ്ക്കുള്‍പ്പെടെ നടപടി തുടങ്ങിയപ്പോള്‍ യുവതി കുഞ്ഞിന്റെ മാതൃത്വം സമ്മതിച്ചു. കുഞ്ഞിനെ വിട്ടു നല്‍കണമെന്നും ചെയ്തതു തെറ്റാണെന്നും പിന്നീട് അവര്‍ പറഞ്ഞു. ഉപേക്ഷിക്കാനുണ്ടായ സാഹചര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. അതെന്തെന്നു പുറത്തുവിട്ടിട്ടില്ല.
കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ യുവതിയും ഭര്‍ത്താവും എല്ലാശ്രമവും നടത്തി. ഒടുവില്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി പ്രത്യേക അജന്‍ഡയായി പരിഗണിച്ച് കുഞ്ഞിനെ നല്‍കാന്‍ തീരുമാനിച്ചു. യുവതിക്ക് കൗണ്‍സലിങ്ങും നല്‍കി.
രണ്ടാഴ്ച മുന്‍പാണ് ശിശുപരിചരണകേന്ദ്രത്തില്‍നിന്ന് കുട്ടിയെ കൈമാറിയത്. നന്നായി നോക്കിയില്ലെങ്കില്‍ ബാലക്ഷേമസമിതിക്ക് കുഞ്ഞിനെ തിരിച്ചെടുക്കാം. നിരീക്ഷിക്കാന്‍ അങ്കണവാടി അധികൃതരെ ചുമതലപ്പെടുത്തി.
എല്ലാ നടപടിക്രമവും പാലിച്ചാണ് കുഞ്ഞിനെ അമ്മയ്ക്കു നല്‍കിയതെന്ന് ബാലക്ഷേമസമിതി ജില്ലാ അധ്യക്ഷ ജി. വസന്തകുമാരിയമ്മ പറഞ്ഞു. എന്നാല്‍, യുവതിയുടെ പേരില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചെന്ന കേസ് തുടരുന്നുണ്ട്.




