ചന്തേര: കാസര്‍ഗോഡ് നിന്നും ഏഴുമാസം പ്രായമായ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി പോലീസ് പിടിയിലായി. കാങ്കോല്‍ പപ്പാരട്ട പള്ളിക്കുളത്തുനിന്ന് തമിഴ്നാട് മധുര സ്വദേശികളായ പി.പ്രതാപന്റെയും എം.ഈശ്വരിയുടെയും മകന്‍ പ്രജുലിനെയാണ് ഇയാള്‍ തട്ടിയെടുത്തത്. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.

പെരിങ്ങോം പോലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് ചന്തേര പോലീസിന്റെ സഹായത്തോടെ തൃക്കരിപ്പൂരില്‍നിന്നാണ് കറുപ്പ് സ്വാമി(43)യെ പിടിച്ചത്. തൃക്കരിപ്പൂര്‍ വടക്കേകൊവ്വലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കറുപ്പ് സ്വാമി ഗുഡ്സ് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയത്.

പനിബാധിച്ച കുഞ്ഞിനെ കാങ്കോലിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി പരിചയക്കാരനായ കറുപ്പ് സ്വാമി കുട്ടിയെ ലാളിക്കാനെന്ന ഭാവത്തില്‍ വാങ്ങിച്ച് മടിയിലിരുത്തി ഗുഡ്സ് ഓട്ടോ ഒടിച്ചുപോകുകയായിരുന്നുവെന്ന് പ്രതാപന്‍ പോലീസിനോട് പറഞ്ഞു.

കറുപ്പ് സ്വാമിയില്‍നിന്ന് വീണ്ടെടുത്ത കുട്ടിയെ പോലീസ് രക്ഷിതാക്കളെ ഏല്പിച്ചു. പ്രതിയെ പയ്യന്നൂര്‍ പോലീസിന് കൈമാറി.