കല്‍പറ്റ; ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് സൈന്യം നിര്‍മ്മിക്കുന്ന ബെയ്ലി പാലത്തിന്റെ ശേഷി 24 ടണ്‍. 190 അടി നീളവുമുണ്ട്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ച് പാലത്തിന്റെ ബലമുറപ്പിച്ചാണ് നിര്‍മ്മാണം.

പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കുന്നതും കരുതലിനാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിര്‍മിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലം. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മിക്കുന്നത്.

മുമ്പുതന്നെ നിര്‍മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിര്‍മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുന്നതാണ് പാലം പണിയുടെ രീതി.ഇന്ത്യയില്‍ ആദ്യമായി ബെയ്‌ലിപാലം നിര്‍മിച്ചത് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായിട്ടായിരുന്നു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പമ്പാനദിക്കു കുറുകെയുള്ള, 36 വര്‍ഷം പഴക്കമുള്ള റാന്നി പാലം തകര്‍ന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിര്‍മിച്ചത്. ശബരിമല സന്നിധാനത്തും സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലമുണ്ട്.

ശബരിമലയില്‍ ഭക്തര്‍ ഉപയോഗിക്കാതായതോടെ സന്നിധാനത്തിന് സമീപത്തെ ബെയ്ലിപാലം സ്മാരകമായി നിലനില്‍ക്കുന്നു. ദര്‍ശനം കഴിഞ്ഞ അയ്യപ്പന്‍മാര്‍ക്ക് മാളികപ്പുറത്തുനിന്ന് ഭസ്മക്കുളത്തിന് സമീപത്തുകൂടെ ചന്ദ്രാനന്ദന്‍ റോഡിലൂടെ തിരികെപ്പോകുന്നതിനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാളത്തിന്റെ സഹായത്തോടെ ബെയ്ലി പാലം പണിതത്. എന്നാല്‍, പാലം കയറിയെത്തുന്നിടത്തുനിന്ന് റോഡിലേക്കുള്ള കുത്തനെയുള്ള കയറ്റം ഭക്തര്‍ക്ക് വെല്ലുവിളിയായി. അതോടെ ബെയ്ലിപാലം വഴി കടന്നുപോകുന്നവരുടെ എണ്ണം കുറഞ്ഞു.

യുദ്ധകാലത്തും അടിയന്തരഘട്ടങ്ങളിലും മറ്റും താത്കാലികാവശ്യത്തിനായി പട്ടാളക്കാര്‍ നിര്‍മിക്കുന്നതാണ് ബെയ്ലി പാലം. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്തുനിന്ന് മടങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ ശബരിമല ഉന്നതാധികാരസമിതിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് ബെയ്ലി പാലം നിര്‍മിച്ചത്. കരസേനയുടെ ബെംഗളൂരു ആസ്ഥാനമായ മദ്രാസ് എന്‍ജിനീയേഴസ് ഗ്രൂപ്പാണ് (എം.ഇ.ജി.) ശബരിമലയിലും നിര്‍മാണം നടത്തിയത്. ഇവര്‍ തന്നെയാണ് മുണ്ടക്കൈയിലെ ബെയ്‌ലി പാലത്തിനും പിന്നില്‍.

ദുരന്തമുഖത്ത് നിന്ന് അവസാനത്തെയാളെയും രക്ഷപ്പെടുത്തിയെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഊണും ഉറക്കവുമില്ലാതെ സന്നദ്ധ സേവനരംഗത്തെത്തിയ ഒരോരുത്തര്‍ക്കുമുള്ളത്. കൈമെയ് മറന്ന് രാവും പകലും അവര്‍ അതിനായി ഒരുമിച്ചിരിക്കുകയാണ്. മുണ്ടക്കൈയിലേക്ക് 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. ഉരുക്കും തടിയുമുപയോഗിച്ചാണ് ബെയ്‌ലി പാലത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുക. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ എന്നിങ്ങനെയുള്ള പാലങ്ങളാണ് സാധാരണ നിര്‍മ്മിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യമാണ് പാലം ആദ്യമായി പരീക്ഷിച്ചത്. ബ്രിട്ടിഷ് സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്ന ഡൊണാള്‍ഡ് ബെയ്ലിയാണ് പാലത്തിന്റെ ആശയം പങ്കുവെച്ചത്. ഒരു ഹോബിയെന്ന പോലെയായിരുന്നു അദ്ദേഹത്തിനിതെല്ലാം. ഈ പാലത്തിന്റെ മാതൃക അദ്ദേഹം തന്റെ ഉന്നത ഉദ്യോഗസ്ഥനെ കാണിക്കുകയും അതില്‍ ഉപയോഗക്ഷമത കണ്ട അദ്ദേഹം പാലം നിര്‍മിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ 1941ലും 1942ലും ഈ പാലം ഉണ്ടാക്കി പരീക്ഷിച്ചു. പല തരത്തില്‍ പാലം നിര്‍മ്മിച്ചു. തൂക്കുപാലം, ആര്‍ച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോണ്‍ നദിക്കും സ്റ്റൗര്‍ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാന്‍പിറ്റ് ചതുപ്പുകള്‍) കുറുകെമുറിക്കുന്ന മതര്‍ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യമായി ഈ പാലം നിര്‍മ്മിച്ചത്.

അങ്ങനെ അനേകം പരീക്ഷണ നിര്‍മ്മാണങ്ങള്‍ക്കൊടുവില്‍, കോര്‍പ്സ് ഓഫ് റോയല്‍ മിലിട്ടറി എഞ്ചിനീയേഴ്സിനായി നല്‍കി. പിന്നാലെ ഇത് ഉത്തര ആഫ്രിക്കയില്‍ 1942ല്‍ ഉപയോഗിച്ചു. 1944 ആയപ്പൊഴേക്കും പാലം കൂടുതല്‍ ഇടത്ത് നിര്‍മിച്ചുതുടങ്ങി. പിന്നാലെ ഇതിന്റെ നിര്‍മ്മാണത്തിനായി യുഎസ് അനുമതി നല്‍കി. അവര്‍ അവരുടേതായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാലം നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്.

ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ഇതിന്റെ നിര്‍മാണം. അതിന് 30 മീറ്റര്‍ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയായിരുന്നു ഇത് നിര്‍മിച്ചത്.