മുംബൈ: പിടിക്കപ്പെടുമെന്നായപ്പോള്‍ കൈക്കൂലി വാങ്ങിയ പണം ടോയ്‌ലെറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് മുംബൈ കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. തെളിവു കണ്ടെടുക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പണം വീണ്ടെടുത്ത് ആന്റി കറപ്ഷന്‍ ബ്യൂറോ. പ്രഹ്ലാദ് ശിതോളെയെന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്.

സംഭവം ഇങ്ങനെ: ബോറിവ്ലിയിലെ റസ്റ്ററന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്‍ഒസി (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങാന്‍ ശിതോളയുടെ അടുത്തെത്തിയതായിരുന്നു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പരാതിക്കാരന്‍. എന്‍ഒസി നല്‍കണമെങ്കില്‍ 1,30,000 രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

പിന്നീട് പലതവണ സംസാരിച്ച് തുക 60,000 ആയി ചുരുക്കി. പരാതിക്കാരന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫിസിലെത്തി ബിഎംസി ഉദ്യോഗസ്ഥനെ കുടുക്കാനുള്ള കെണി ഒരുക്കി. ഫിനോഫ്തലിന്‍ പൗഡര്‍ മുക്കിയ, സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയ 60,000 രൂപ ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാള്‍ ഉദ്യോഗസ്ഥന് കൊടുത്തു. എന്നാല്‍ അസ്വാഭാവികത മണത്ത ഇയാള്‍ പണം വീട്ടിലെ ടോയ്ലറ്റില്‍ ഇട്ട് ഫ്‌ലഷ് ചെയ്ത് നശിപ്പിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങിയത് ആദ്യം ഇദ്ദേഹം നിഷേധിച്ചെങ്കിലും പിന്നീട് പണം ഫ്‌ലഷ് ചെയ്തു നശിപ്പിച്ചെന്ന് സമ്മതിക്കുക ആയിരുന്നു. തൊണ്ടിമുതലായ പണം ആവശ്യമായതിനാല്‍ സെപ്റ്റിക് ടാങ്ക് തുറക്കാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. 60,000ത്തില്‍ 57,000 രൂപയും പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.