പത്തനംതിട്ട: വൈദ്യുതക്കമ്പി പൊട്ടി വീണ് കഴുത്തില്‍ കുരുങ്ങി വിമുക്തഭടന് ഗുരുതര പരിക്ക്. സാരമായി പരുക്കേറ്റ കടമ്പനാട് തുവയൂര്‍ തെക്ക് തറയില്‍ വിളയില്‍ ജി.റോയ് (42) യെ ആണ്് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. ജീവന്‍ തിരികെ കിട്ടിയത് തലനാരിഴയ്ക്കാണ്. റോയ് ബൈക്കില്‍ പോകുമ്പോള്‍
റോഡിനു കുറുകെയുള്ള വൈദ്യുതക്കമ്പി കഴുത്തിലേക്ക് പൊട്ടിവീഴുക ആയിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള റോയിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. മൂന്ന് തുന്നല്‍ ഇടേണ്ടി വന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടിക ജംക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. ലൈന്‍ പൊട്ടിയപ്പോള്‍ തന്നെ വൈദ്യുതബന്ധം പോയതിനാലാണ് വലിയ അപകടം ഒഴിവായത്. റോഡിന് എതിര്‍ വശത്തുനിന്ന് വീട്ടിലേക്കു വലിച്ചിട്ടുള്ള വൈദ്യുതക്കമ്പിയില്‍ കനത്ത കാറ്റിനെതുടര്‍ന്ന് തെങ്ങിന്റെ ഓല കുരുങ്ങിക്കിടക്കുകയായിരുന്നു. വൈദ്യുതിയും നിലച്ചിരുന്നു. ഇക്കാര്യം ഗൃഹനാഥന്‍ ഡെയ്‌സി ഭവന്‍ കൃഷ്ണന്‍കുട്ടി രാവിലെ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു.

ഇന്നലെ പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ ഉണ്ടായിരുന്നതിനാല്‍ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഇവിടെ എത്താനായില്ലായിരുന്നു. ഇതിനിടെ വൈദ്യുത ലൈനിലെ തടസ്സം നീക്കിയെന്ന ധാരണയില്‍ അധികൃതര്‍ വൈദ്യുതി ചാര്‍ജ് ചെയ്തു. ഇതോടെ കൂട്ടിമുട്ടിക്കിടന്ന കമ്പികള്‍ ഉരുകി പൊട്ടിവീഴുകയായിരുന്നു.

ജില്ലാ ആസ്ഥാനത്തെ സൈനിക ക്ഷേമ ബോര്‍ഡ് ഓഫിസില്‍ എത്തിയ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന റോയിയുടെ കഴുത്തിലേക്കാണ് കമ്പി വീണത്. ഉടന്‍ ബൈക്ക് നിര്‍ത്തിയെങ്കിലും മറിഞ്ഞുവീണു. കഴുത്തിലെ മുറിവില്‍ നിന്നു രക്തപ്രവാഹമുണ്ടായതോടെ റോയ് ഷര്‍ട്ട് കീറി കഴുത്തില്‍ കെട്ടി. നാട്ടുകാര്‍ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു..