ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ കേരളവും പ്രതീക്ഷയില്‍. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. ബിജെപിയുടെ സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതും നിര്‍ണ്ണായകമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.

ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില്‍ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിര്‍മല സീതാരാമനും ഇടംപിടിക്കും. 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും. തൊഴില്‍ മേഖലയിലെ കുതിപ്പിന് സഹായകരമായ പദ്ധതികളും ബജറ്റിലുണ്ടായേക്കും. വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ പദ്ധതികളും പ്രതീക്ഷിക്കുന്നു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.

നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 6.57% ആയിരിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇന്നലെയാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. റിസര്‍വ് ബാങ്ക് അടക്കമുള്ള ഏജന്‍സികള്‍ പ്രവചിച്ച 7.2% വളര്‍ച്ചയിലും കുറവാണിത്.

പൊതുബജറ്റില്‍ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിന് ന്യായമായി കിട്ടേണ്ടത് കിട്ടണമെന്നും സംസ്ഥാനത്തിന്റെ വിഹിതം വന്‍ തോതില്‍ വെട്ടിക്കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 24000 കോടി കേരളത്തിന് ലഭിക്കണം. മുടങ്ങിക്കിടക്കുന്ന ഗ്രാന്‍ഡുകള്‍ നല്‍കാനും കേന്ദ്രം തയാറാകണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് നല്ല പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പണം തോതില്‍ വെട്ടി കുറച്ചതാണ് കേരളം നേരിടുന്ന സാമ്പത്തികമായ ബുദ്ധിമുട്ടിന് കാരണമിതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന തരത്തില്‍ കേരളത്തിനും വിഹിതം നല്‍കണം. കഴിഞ്ഞ തവണ വെട്ടി കുറച്ച് പണത്തിന്റെ ഒരു ഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതിയില്‍ ചെലവാക്കിയ 3500 കോടിയോളം രൂപ നല്‍കണമെന്ന് മന്ത്രി ബാലഗോപാല്‍ ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന ഗ്രാന്‍ഡുകള്‍ നല്‍കണം. വിഴിഞ്ഞം പദ്ധതിക്ക് 5000 കോടിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം റെയില്‍വേ പാളം വേണമെന്നും കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.