തിരുവനന്തപുരം: പള്ളിപ്പുറത്ത് കുഴിയില്‍ വീണതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൊട്ടി. ഇതിന്റെ വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പ്ലസ്ടു വിദ്യാര്‍ഥിക്കു പരിക്കേറ്റു.

ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപം കുറക്കോടുവെച്ച് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാര്‍ഥി ആറ്റിങ്ങല്‍ വലിയകുന്ന് നിലാവില്‍ നവനീത് കൃഷ്ണ(17)യ്ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്കുപോയ കെ.എസ്.ആര്‍.ടി.സി. ബസ് കുഴിയില്‍ വീണപ്പോള്‍ പിന്‍ഭാഗത്തെ ചില്ല് പൊട്ടിവീണു.ഇതിലൂടെ നവനീത് കൃഷ്ണ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.