കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാനമായ നാവിക കേന്ദ്രങ്ങളിലൊന്നായ ഏഴിമലയ്ക്ക് പുതിയ മേധാവി. വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍ ഏഴിമല നാവിക അക്കാദമിയുടെ കമാന്‍ഡന്റായി ചുമതലയേറ്റു. ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍ട്ടിയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്.

1991 ജൂലൈയിലാണ് നാവികസേനയില്‍ സേവനമാരംഭിച്ചത്. സര്‍ഫേസ് വാര്‍ഫെയര്‍ ഓഫിസറായ ഇദ്ദേഹം കമ്യൂണിക്കേഷനിലും ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോളജിലെയും യു.എസ് നേവല്‍ വാര്‍ കോളജിലെയും പൂര്‍വ വിദ്യാര്‍ഥിയായ പ്രവീണ്‍ നായര്‍ മുംബൈ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ എം.ഫില്‍ നേടി.

വിവിധ കപ്പലുകളില്‍ സിഗ്നല്‍ കമ്യൂണിക്കേഷന്‍ ഓഫിസറായും ഫ്‌ലീറ്റ് ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫിസറായും പ്രവര്‍ത്തിച്ചു. വെസ്റ്റേണ്‍ ഫ്‌ലീറ്റ് കമ്യൂണിക്കേഷന്‍ ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്