കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മലയ്ക്ക് താഴേയും ദുരന്ത കാഴ്ചകള്‍. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ഒരോ അഞ്ചുമിനിട്ടിലും ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചാലിയാറിലാണ് ദുരന്ത കാഴ്ച നിറയുന്നത്.

മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

ഈ സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവന്‍ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം രാവിലെ പത്ത് മണിയോടെ കിട്ടിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയില്‍ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാര്‍ അറിയിച്ചു. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാ?ഗങ്ങളിലാണ് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. വീട്ടുസാമ?ഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.

ചൂരല്‍മലയിലും മുണ്ടക്കൈയിലും വിവിധയിടങ്ങളിലായി നാനൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മിക്ക വീടുകളിലും ചെളിയും പാറക്കെട്ടുകളും കൊണ്ട് നിറഞ്ഞെന്ന് ചൂരല്‍മല വാര്‍ഡ് മെമ്പര്‍ സി കെ നൂറുദ്ദീന്‍ പറഞ്ഞു. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നിലവിളിക്കുകയാണ്. മുണ്ടക്കൈ അട്ടമലയിലെ ചൂരമല പാലവും പ്രധാന റോഡുമൊക്കെ തകര്‍ന്നിരിക്കുകയാണ്. ഇവിടേക്ക് സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മ്മിക്കും. ചൂരല്‍മല പ്രദേശത്തെ നിരവധി വീടുകള്‍ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്നിവിടങ്ങളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ആവശ്യത്തിന് പോലീസുകാരെയും വിന്യസിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 9497900402, 0471 2721566.