കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്പതിമാരെ പോലിസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര 27), ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.

ഇവര്‍ സുഹൃത്തായ മറ്റൊരാളുമായി ചേര്‍ന്നാണ് മജിസ്‌ട്രേട്ടിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. മൂവര്‍ സംങം കഴിഞ്ഞ ദിവസം രാത്രി 7.30നു ബേക്കര്‍ ജംക്ഷനു സമീപത്തെ കെട്ടിടത്തിന്റെ പാര്‍ക്കിങ്ങില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങിയ മജിസ്‌ട്രേട്ടിനെ ചീത്ത വിളിക്കുകയും മൂവരും എത്തിയ കാറില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ കാറില്‍ കരുതിയിരുന്ന ബീയര്‍ കുപ്പി നിലത്തിട്ടു പൊട്ടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഭവസ്ഥലത്ത് നിന്നു കടന്നുകളയാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നിധിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനു പരുക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. നിതിന്‍ പ്രകാശിനെതിരെ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.