തിരുവനന്തപുരം: വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി ദമ്പതിമാരില്‍നിന്ന് ഓണ്‍ലൈന്‍വഴി പണം തട്ടാന്‍ ശ്രമം. തലനാരിഴയ്ക്കാണ് പണം േേപാവാതെ രക്ഷപ്പെട്ടത്. തട്ടിപ്പു സംഘത്തിന്റെ വലയില്‍പ്പെട്ട ദമ്പതിമാര്‍ ഒരുരാത്രിമുഴുവന്‍ വീഡിയോ കോളിലൂടെയുള്ള വ്യാജവെര്‍ച്വല്‍ അറസ്റ്റില്‍ തുടര്‍ന്നു. കാലടി സ്വദേശിയായ ബിസിനസുകാരനെയാണ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചത്. ഒരു രാത്രി മുഴുവന്‍ ഭീതിയില്‍ കഴിഞ്ഞ ദമ്പതിമാരോട് സാമ്പത്തിക രേഖകളുള്‍പ്പെടെ ചോദിച്ചു. ഇതോടെ സംശയം തോന്നിയ ദമ്പതിമാര്‍ പിറ്റേന്ന് സൈബര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നും വാട്സാപ്പിലൂടെ സംഘം ഭീഷണി തുടര്‍ന്നു. ഇത് അവഗണിച്ചതോടെ തട്ടിപ്പുകാര്‍ പിന്‍വാങ്ങി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പോസ്റ്റല്‍ വകുപ്പിന്റെ മുംബൈയിലെ ഓഫീസില്‍നിന്ന് എന്നരീതിയില്‍ ഫോണ്‍കോള്‍ വരുന്നത്. മുംബൈയില്‍ മയക്കുമരുന്നുള്‍പ്പെടുന്ന പാഴ്സല്‍ എത്തിയിട്ടുണ്ടെന്ന പേരിലാണ് ദമ്പതിമാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയത്. തുടര്‍ന്ന് വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയ ഒരാള്‍ ബിസിനസുകാരന്റെ പേരും ആധാര്‍നമ്പറും പറഞ്ഞശേഷം യു.എ.ഇ.യില്‍നിന്ന് പാഴ്സല്‍ എത്തിയതായി അറിയിച്ചു. വിശ്വാസ്യതയ്ക്കായി അയച്ച ആളിന്റെ വിലാസവും ഫോണ്‍നമ്പറും അറിയിച്ചു.

150 ഗ്രാം മയക്കുമരുന്നും പോലീസ് യൂണിഫോമുകളും ഒട്ടേറെ തിരിച്ചറിയല്‍ രേഖകളും മൂന്ന് ഡെബിറ്റ് കാര്‍ഡുകളുമാണ് പാഴ്സലിലുള്ളതെന്നും നിയമനടപടിയില്‍നിന്ന് ഒഴിവാകണമെങ്കില്‍ മുംബൈ പോലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ ഭയന്നു പോയി. വീഡിയോ കോളിലൂടെ ആധാറിന്റെ ഫോട്ടോയുള്‍പ്പെടെ ചോദിച്ച് കൈക്കലാക്കി. തുടര്‍ന്ന് മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ യൂണിഫോമിലെത്തി ചോദ്യംചെയ്യല്‍ ആരംഭിച്ചു.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റില്‍ ആണെന്ന് അറിയിച്ചാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഭാര്യയെക്കൂടി വീഡിയോ കോളിലുള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചു. സുപ്രീംകോടതിയുടെ വിധിയുള്‍പ്പെടെ അയച്ചുകൊടുത്തതോടെ വിശ്വാസ്യത കൂടി. സി.ബി.ഐ.യും ഇ.ഡി.യും വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക നിക്ഷേപങ്ങളുടെ വിശദാംശങ്ങളും ചോദിച്ചു. സംശയംതോന്നിയതോടെ ഭാഗികവിവരങ്ങള്‍ മാത്രമാണ് ദമ്പതിമാര്‍ നല്‍കിയത്. വൈകുന്നേരം ആറുമുതല്‍ പുലര്‍ച്ചെവരെ ഭീക്ഷണികോള്‍ തുടര്‍ന്നു. ഞായറാഴ്ച രാവിലെ ഇവര്‍ സൈബര്‍ പോലീസിലും കരമന പോലീസിലും പരാതി നല്‍കി.