- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി ഒന്നും അറിഞ്ഞിട്ടില്ല, മന്ത്രി റിയാസിനെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാന്‍ ശ്രമമെന്ന് പി മോഹനന്; കോഴ വിവാദത്തില്‍ കൈകഴുകി സിപിഎം
കോഴിക്കോട്: പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. വിവാദം ശക്തമായതോടെ പാര്‍ട്ടി പ്രതിച്ഛായ മോശമാകാതിരിക്കാന്‍ വേണ്ടി പണം തിരികെ നല്കി ഒത്തുതീര്‍പ്പാണ് സിപിഎം നടത്തിയതെന്നാണ് സൂചന. വിഷയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും പരാതി പോലീസില്‍ എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എല്ലാം ഒതുക്കിയ ശേഷമാണ് സിപിഎം വിഷയത്തില്‍ കൈകഴുതിയത്.
'മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങള്‍ക്കില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും', സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.മോഹനന് പ്രതികരിച്ചു.
അതേസമയം, തെറ്റായ പ്രവണതകള്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അങ്ങനെയൊന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ എല്ലാക്കാലത്തും കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും അതാണ് നിലപാടെന്നും മോഹനന് കൂട്ടിച്ചേര്‍ത്തു. ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ ഏതെങ്കിലുംതരത്തില്‍ പാര്‍ട്ടി നടപടിയുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന് പറഞ്ഞ പി.മോഹനന് നിങ്ങള്‍ക്ക് ആരോപണമുണ്ടെങ്കില്‍ എഴുതി തന്നോളൂ പരിശോധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, സിപിഎം നേതാവിനെതിരെ ഉയര്‍ന്ന പി.എസ്.സി കോഴ ആരോപണം മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ നിഷേധിച്ചിട്ടില്ല. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി മറുപടിനല്‍കിയത്.
പരാതിയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്. അതേസമയം, കോഴവിവാദത്തില്‍ പ്രമോദ് കോട്ടൂളിയില്‍നിന്ന് വിശദീകരണം തേടാന്‍ സിപിഎം തീരുമാനിച്ചതായും സൂചനയുണ്ട്. കോഴവാങ്ങിയെന്ന പാര്‍ട്ടിക്കുള്ളില്‍തന്നെ ഒതുക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നതിനിടെയാണ് വിവാദം പുറത്തായത്.
അതേസമയം പി എസ് സി കോഴ ആരോപണത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ രംഗത്തുവന്നിരുന്നു. ഭരണഘടന വഴി സ്ഥാപിതമായ തത്വങ്ങളില്‍ നിയമനം നടത്തേണ്ട പിഎസ് സി അംഗത്വം സിപിഐഎം തൂക്കി വില്‍ക്കുകയാണെന്ന് വിമര്‍ശിച്ച് കെ പ്രവീണ്‍ കുമാര്‍. വിഷയം പാര്‍ട്ടിയുടെ അച്ചടക്ക നടപടിയിലൊതുക്കാന് സമ്മതിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം, മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര മന്ത്രിയായി നില്ക്കുന്ന കേരളത്തില്‍ ഒരു നിക്ഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്ന് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.